04 November Monday

ദളിത് കോൺഗ്രസ്‌ 
മണ്ഡലം പ്രസിഡന്റും രാജിവച്ചു ; കോൺഗ്രസിന്‌ തലവേദനയായി കൂടുതൽപേർ പുറത്തേക്ക്‌

ആർ അജയ്‌ഘോഷ്‌Updated: Saturday Nov 2, 2024


പാലക്കാട്
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ തലവേദനയായി കൂടുതൽപേർ പുറത്തേക്ക്‌.  ഷാഫി പറമ്പിലിന്റെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച്‌  ദളിത് കോൺഗ്രസ്‌ പിരായിരി മണ്ഡലം പ്രസിഡന്റ്‌ കെ എ സുരേഷ് രാജിവച്ചു. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർടിയിൽ പരിഗണനയെന്നും സാധാരണക്കാർക്ക്‌ ഒരുവിലയുമില്ലെന്നും സുരേഷ്‌ തുറന്നടിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന്റെ നിലപാടാണ്‌ ശരിയെന്ന്‌ ബോധ്യമായെന്നും അദ്ദേഹത്തിനായി പ്രചാരണത്തിന്‌ ഇറങ്ങുമെന്നും സുരേഷ്‌ പറഞ്ഞു.

‘‘എല്ലാം ഗ്രൂപ്പ്‌ നോക്കിയാണ്‌ ചെയ്യുന്നത്‌. ഷാഫിയുടെ താൽപര്യം മാത്രമാണ്‌ പരിഗണിക്കപ്പെടുന്നത്‌. പിരായിരി പഞ്ചായത്തിൽത്തന്നെ നിരവധിപേർക്ക്‌ അസംതൃപ്‌തിയുണ്ട്‌. പ്രതിഷേധമുണ്ട്‌. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ല. സമാന അനുഭവമുള്ള ഒരുപാടുപേരുണ്ട്‌. പലരും പുറത്തുപറയുന്നില്ലെന്ന്‌ മാത്രം. വോട്ടെടുപ്പിൽ ഇത്‌  പ്രതിഫലിക്കും. കുട്ടിക്കാലംമുതൽ കോൺഗ്രസുകാരനാണ്‌. ഇനി സരിനായി പരസ്യ പ്രചാരണത്തിന്‌ ഇറങ്ങും. സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കും’’–-- സുരേഷ്‌  ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ശനി രാവിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ കെ എ സുരേഷ്‌ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബുവിനെ കണ്ട്‌ പിന്തുണയറിയിച്ചു.

നേരത്തെ  യൂത്ത്‌കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ , കോൺഗ്രസ്‌ പിരായി മണ്ഡലം സെക്രട്ടറി ജി ശശി, പഞ്ചായത്തംഗമായ ഭാര്യ സിത്താര എന്നിവർ  കോൺഗ്രസിൽ നിന്ന്‌ രാജിവച്ചിരുന്നു. ഇതിനിടെ, പാലക്കാട്‌ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ മൻസൂർ മണലാഞ്ചേരിയും സഹോദരനും യൂത്ത്‌ കോൺഗ്രസ്‌ പാലക്കാട്‌ മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന കെ എ സദ്ദാം ഹുസൈനും സ്ഥാനാർഥിക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top