22 December Sunday

‘അഴിമതിക്ക്‌ കൂട്ട്‌ ബിജെപി സംസ്ഥാന സെക്രട്ടറി’ ; സിപിഐ എം സമരവേദിയിൽ ബിജെപി കൗൺസിലർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അഴിമതിക്കെതിരെ സിപിഐ എം 
നടത്തിയ ധർണയിൽ ബിജെപി കൗൺസിലർ കെ വി പ്രഭ സംസാരിക്കുന്നു. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സമീപം


പന്തളം
നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ ബിജെപി സംസ്ഥാനസെക്രട്ടറിക്ക്‌ പന്തളം നഗരസഭയിലെ കൊടുംഅഴിമതിയിൽ  ഉത്തരവാദിത്വമുണ്ടെന്ന്‌ ബിജെപി കൗൺസിലറും മുന്‍ ജില്ലാ  സെക്രട്ടറിയുമായ കെ വി പ്രഭ. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ സിപിഐ എം നഗരസഭാ ഓഫീസിനുമുന്നില്‍ നടത്തിയ ധർണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു പ്രഭ. 

പന്തളം നഗരസഭയില്‍  ബിജെപി നടത്തുന്ന അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതിന് ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിൽ എല്ലാമേഖലയിലും അഴിമതിയാണ്. ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണിത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലാണ് പന്തളം നഗരസഭയിലേതടക്കമുള്ള ബിജെപി കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. ഇവരുടെ ഒത്താശയോടെയാണ്‌  അഴിമതിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.  ഭീഷണി ഉയര്‍ന്നിട്ടും സമരപന്തലില്‍ എത്തിയത് ഇടതുപക്ഷത്തോടുള്ള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കനുവദിച്ച പണമെല്ലാം പാഴാക്കുന്നു.

വിവിധ ക്ഷേമപദ്ധതികള്‍ അര്‍ഹര്‍ക്ക് നല്‍കുന്നില്ല.  കെട്ടിടനികുതി അന്യായമായി ഉയര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബിജെപി   ഭരണസമിതിക്കാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top