03 December Tuesday

തലയുയർത്തി കേരള സ്ക്വാഡ് ; അന്വേഷണമികവിന്റെ ഉജ്വല അധ്യായം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024


തിരുവനന്തപുരം
കണ്ണൂർ വളപട്ടണത്ത്‌ അടച്ചിട്ട വീട്ടിൽനിന്ന്‌ ഒരുകോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും കവർന്നയാളെ ദിവസങ്ങൾക്കകം പിടികൂടിയത്‌   കേരള പൊലീസിന്റെ  അന്വേഷണമികവിന്റെ ഉജ്വല അധ്യായം.  പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കുന്നതിൽ രാജ്യത്തെ ഏറ്റവും മികച്ച  സേന കേരള പൊലീസാണെന്ന്‌ സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നു . 

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി ജെയ്‌സി എബ്രഹാമിനെ നവംബർ 17ന്‌ ഇടപ്പള്ളി കൂനംതൈയിലെ ഫ്ലാറ്റിൽ തലയ്‌ക്കടിയേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തി. കൃത്യം എട്ടാംദിവസം പ്രതികൾ പിടിയിലായി. പ്രതിയിലേക്ക്‌ എത്താൻ പൊലീസ്‌ ഉദ്യോഗസ്ഥൻ ആക്രി പെറുക്കുന്നയാളുടെ വേഷംകെട്ടി.  പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച്‌ സ്വർണം കവർന്ന കേസിൽ 12 പേരെ പിടികൂടിയത്‌ കഴിഞ്ഞദിവസമാണ്‌. മൂന്നുദിവസം കൊണ്ടാണ്‌ പ്രതികളെ പിടികൂടിയത്‌. കേസന്വേഷിച്ച പൊലീസുകാർക്ക്‌ സ്വർണ പതക്കം നൽകിയാണ്‌ നാട്ടുകാർ സ്വീകരിച്ചത്‌.

രാജ്യത്തെ മികച്ച പൊലീസ്‌ സേനയായാണ്‌ കേരള പൊലീസ്‌ അറിയപ്പെടുന്നത്‌. പ്രതികളെ കണ്ടെത്താൻ, എല്ലാ സാധ്യതകളും ഉപയോഗിച്ച്‌ എവിടെയും ചെന്നെത്തും. എന്നാൽ ഈ മികവുകളേക്കാളേറെ ചെറിയ പിഴവുകൾക്ക്‌ പൊലീസിനെയാകെ കുറ്റപ്പെടുത്തുന്നതാണ്‌ മാധ്യമങ്ങളുടെ രീതി. ഈ വർഷംതന്നെയാണ്‌ കാസർകോടുനിന്ന്‌ ഇങ്ങനൊരു വാർത്തവന്നത്‌: നാലുവർഷം ദുബായിൽ കഴിഞ്ഞ യുവാവ്‌ കേരള പൊലീസിന്റെ മികവ്‌ അളക്കാൻ മുഖംമറച്ച്‌, തൊപ്പി ധരിച്ച്‌, ശരീരമാകെ മറച്ച്‌ മൊഗ്രാലിലെ സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ മോഷണം നടത്തി. ദിവസങ്ങൾക്കകം പിടിയിലായപ്പോൾ ‘കേരള പൊലീസ്‌ കൊള്ളാം’ എന്ന്‌ ഈ യുവാവിനും സമ്മതിക്കേണ്ടിവന്നു.

അന്വേഷണമികവിന്റെ സമീപകാലം
കോഴിക്കോട്‌ എം ടി വാസുദേവൻ നായരുടെ വീട്ടിൽനിന്ന് 15 ലക്ഷത്തോളംരൂപ വിലയുള്ള ആഭരണങ്ങൾ മോഷ്ടിച്ചവരെ 24 മണിക്കൂറിനകമാണ്  പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പായ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികൾക്ക്‌ 7.6 കോടി നഷ്ടപ്പെട്ട കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആഴ്ചകൾക്കകം പ്രതികളെ കുടുക്കി. ബംഗളൂരുവിൽ താമസിച്ചാണ്‌ പൊലീസ്‌ അന്വേഷണം നടത്തിയത്‌. സൈബർ കുറ്റകൃത്യങ്ങളിലൂടെ ജനങ്ങൾക്ക്‌ നഷ്ടപ്പെട്ട 1,84,80,000 രൂപ കൊച്ചി സിറ്റി പൊലീസ്‌ വീണ്ടെടുത്തത്‌ അടുത്തിടെയാണ്‌.

ഓൺലൈൻ ട്രേഡിങിലൂടെ വൻ ലാഭം വാഗ്ദാനംചെയ്‌ത്‌ പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറിൽ നിന്ന്‌ 77.5 ലക്ഷം കവർന്ന രണ്ടുപേരെ നവംബർ 13ന്‌ അറസ്‌റ്റുചെയ്‌തു. ഹോട്ടലുടമയായ തിരൂർ ഏഴൂർ സ്വദേശി സിദ്ദീഖിനെ കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി കഷ്ണണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസിലും ദിവസങ്ങൾക്കകം പ്രതികളെ വലയിലാക്കി. 

നവംബർ 24ന് എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയിൽ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല(33) കൊല്ലപ്പെട്ട കേസിൽ  നാല് ദിവസംകൊണ്ടാണ് പ്രതിയെ തമിഴ്‌നാട്ടിൽനിന്ന്‌ പിടികൂടിയത്. പേരാമ്പ്ര വാളൂരിലെ കുറുങ്കൊടി മീത്തൽ അനു(അംബിക–-26)വിനെ കൊലപ്പെടുത്തിയയാളെ പിടികൂടിയത്‌ ഒരാഴ്ചയ്‌ക്കകം.   
എറണാകുളം സൗത്ത് കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെടുത്തിയവരെ കുടുക്കിയത്‌ സമീപകാല അന്വേഷണങ്ങളിലെ സുപ്രധാന ഏടാണ്‌. കലവൂരിൽ പ്രതികൾ താമസിച്ച വീടിന്റെ പിൻവശത്ത്‌ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയ കുറുവാ സംഘാംഗങ്ങളെ ആലപ്പുഴ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌ നാലുദിവസത്തിനക
മാണ്‌.

കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്‌മി(48) കൊലപാതകക്കേസിൽ  അഞ്ചുദിവസത്തിനകമാണ്‌ പ്രതിയെ കുടുക്കിയത്‌. തൃശൂരിൽ മൂന്നിടങ്ങളിലായി എടിഎം കൊള്ളയടിച്ചവർ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്‌ സെപ്‌തംബർ 17ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top