03 December Tuesday

ഫെയ്‌ൻജൽ ചുഴലിക്കാറ്റ്‌ ; വടക്കൻ കേരളത്തിൽ ഇന്നുകൂടി അതിശക്തമഴ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


തിരുവനന്തപുരം
ഫെയ്‌ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന്‌ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്രമായി പെയ്‌ത മഴ ചൊവ്വകൂടി തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ന്യൂനമർദമായി മാറിയ ഫെയ്‌ൻജൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിന്‌ മുകളിൽ സ്ഥിതിചെയ്യുകയാണ്‌. ചൊവ്വയോടെ വടക്കൻ കേരളത്തിനും കർണാടകയ്‌ക്കും മുകളിലൂടെ അറബിക്കടലിൽ എത്തിച്ചേരാനാണ്‌ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ ചൊവ്വകൂടി അതിശക്തമഴ തുടരും. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്തമഴ), മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. കാസർകോട്‌, മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

വടക്കൻ കേരളത്തിൽ ജനങ്ങൾ ജാഗ്രത തുടരണം. നാല് എൻഡിആർഎഫ് ടീമുകൾ സംസ്ഥാനത്ത്‌ സജ്ജമാണ്. ഇതിൽ രണ്ടു ടീമിനെ ശബരിമലയിൽ വിന്യസിച്ചു. ഞായർ രാത്രി പത്തനംതിട്ട, കോട്ടയം ജില്ലകളിൽ തീവ്ര മഴയായിരുന്നു. ചെറുകുളഞ്ഞിയിൽ 248ഉം, വയലയിൽ 233ഉം, അത്തിക്കയത്തിൽ 231ഉം, പാമ്പാടിയിൽ 230ഉം മില്ലിമീറ്റർ. മഴ രേഖപ്പെടുത്തി.

ന്യൂനമർദം അറബിക്കടലിലേക്ക് നീങ്ങിയാലും കടലിൽതന്നെ കേന്ദ്രീകരിക്കാനാണ്‌ സാധ്യത. കേരള തീരത്ത് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും മീൻപിടിക്കാൻ പോകരുത്‌. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.  തീർഥാടകർ പുല്ലുമേട്‌ 
പാതയിൽ  കുടുങ്ങി കനത്തമഴയെ തുടർന്ന്‌ പുല്ലുമേട്‌ പാതയിൽ 12 ശബരിമല തീർഥാടകർ കുടുങ്ങി. കാൽവഴുതി വീണ്‌ രണ്ട്‌ തീർഥാടകർക്ക്‌ പരിക്കേറ്റു.  വനംവകുപ്പിന്റെയും അഗ്നിരക്ഷാസേനയുടെയും ദുരന്തനിവാരണസേനയുടെയും സംയുക്ത സംഘം സ്ഥലത്തെത്തി ഇവരെ  സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാനന പാതകൾ അടച്ചു കാലാവസ്ഥ അനുകൂലമാകുന്നതുവരെ കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ യാത്ര നിരോധിച്ചു.

തോരാമഴയിൽ  21 മരണം
ഫെയ്‌ൻജൽ ചുഴലിക്കാറ്റ്‌ ദുർബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴയ്‌ക്ക്‌ ശമനമില്ല. രണ്ടുദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 21 പേർ മരിച്ചു. 14 മണിക്കൂറായി നിർത്താതെ മഴ പെയ്യുന്ന കൃഷ്‌ണഗിരി ജില്ലയിൽ നില അതീവഗുരുതരം. ബസുകളടക്കം വാഹനങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്‌. കൃഷ്‌ണഗിരി കൂടാതെ 11 ജില്ലകളിൽകൂടി  വെള്ളപ്പൊക്കമുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.  1,29,000 ഹെക്ടർ കൃഷി വെള്ളത്തിനടിയിലായതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. 147 ക്യാമ്പുകളിലായി ഏഴായിരം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്‌.

തിരുവണ്ണാമലൈയിൽ തുടർച്ചയായി രണ്ടാംദിവസവും ഉരുൾപൊട്ടലുണ്ടായി. ഞായർ വൈകിട്ട്‌  ഉരുൾപൊട്ടലിൽ  ഒരു കുടുംബത്തിലെ 4 പേർ മരിച്ചു.    കർണാടകയുടെ തീരമേഖലയിലും ബംഗളൂരുവിലും ഞായറാഴ്‌ച വൈകിട്ടുമുതൽ മഴയുണ്ട്‌.അടിയന്തര കേന്ദ്രസഹായമായി 2000 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top