25 November Monday

റഷ്യ ഉക്രയ്ൻ യുദ്ധം : പവന്‌ 38,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2022


കൊച്ചി
റഷ്യ–- ഉക്രയ്ൻ യുദ്ധം തുടരുന്നതിനിടെ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ബുധനാഴ്ച പവന് 800 രൂപയാണ് കൂടിയത്. പവന് 38,160 രൂപയും ​ഗ്രാമിന് 100 രൂപ കൂടി 4,770 രൂപയുമായി. ഇരു രാജ്യങ്ങളുമായുള്ള ഒന്നാംഘട്ട സമാധാന ചർച്ച പരാജയപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഉയർച്ചയാണ് സംസ്ഥാനത്ത് പ്രതിഫലിച്ചത്. ഓഹരിവിപണി ദുർബലമായതോടെ നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതാണ് അന്താരാഷ്ട്ര വിപണിയിൽ വില ഉയർത്തിയത്.

2021 ജനുവരിക്കുശേഷം ആദ്യമായാണ് വില 38,000 കടക്കുന്നത്. റഷ്യ ഉക്രയ്നിലേക്ക് സൈനികനീക്കം ആരംഭിച്ചതിനുപിറകെ ഫെബ്രുവരി 12ന് പവന് 800 രൂപ കൂടി. 24ന് 1,000 രൂപ വർധിച്ച് 37,800 രൂപയിലെത്തി. ഒരുമാസത്തിനിടെ പവന് 2,240 രൂപയാണ് കൂടിയത്. പുതിയ വിലയനുസരിച്ച് ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം 42,500 രൂപ നൽകണം.

ഓഹരി വീണു
 എണ്ണ കുതിച്ചു
യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ഓഹരിവിപണി നഷ്ടത്തിൽ. ഒന്നാംവട്ട ചർച്ച പരാജയപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 111 ഡോളർ കടന്നതും ആ​ഗോള ഓഹരി വിപണികൾ ദുർബലമായതും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. രാജ്യത്തെ വാഹനവിൽപ്പന കുറഞ്ഞതും സാമ്പത്തിക വളർച്ചാക്കണക്ക്‌ പ്രതീക്ഷയനുസരിച്ച്‌ ഉയരാതിരുന്നതും നിക്ഷേപകരെ നിരാശപ്പെടുത്തി.

ഒരുഘട്ടത്തിൽ 1,200 പോയിന്റിലധികം നഷ്ടം നേരിട്ട ബിഎസ്ഇ സെൻസെക്സ് 778.38 പോയിന്റ്‌ നഷ്ടത്തിൽ 55468.90 ലും എൻഎസ്ഇ നിഫ്റ്റി 187.90 പോയിന്റ്‌ താഴ്ന്ന് 16606ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1.38 ശതമാനവും നിഫ്റ്റി 1.12 ശതമാനവുമാണ് നഷ്ടം രേഖപ്പെടുത്തിയത്.

ഓട്ടോ, ബാങ്ക്, ഫാർമ ഓഹരികളാണ് ഏറെ ഇടിഞ്ഞത്. ബിഎസ്ഇ ഓട്ടോ സൂചിക മൂന്നുശതമാനം ഇടിഞ്ഞു. ബാങ്ക് 2.25 ശതമാനവും ഹെൽത്ത്കെയർ 1.23 ശതമാനവും താഴ്ന്നു. മാരുതി സുസുകിക്കാണ്‌ ബിഎസ്ഇ ഓഹരികളിൽ ഏറ്റവും നഷ്ടം നേരിട്ടത് (ആറുശതമാനം). ഡോ. റെഡ്ഡീസ് ലാബ്  5.14 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ബിഎസ്ഇ മെറ്റൽ സൂചിക 4.58 ശതമാനം നേട്ടമുണ്ടാക്കി. ടാറ്റാ സ്റ്റീൽ ഓഹരി 5.54 ശതമാനവും റിലയൻസ് 1.67 ശതമാനവും ഉയർന്നു. ടൈറ്റാൻ കമ്പനി, നെസ്‌ലേ, പവർ​ഗ്രിഡ് കോർപറേഷൻ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ് ഓഹരികളും നേട്ടമുണ്ടാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top