26 December Thursday

'ജല ആംബുലൻസ് ' റെഡി; ഉദ്‌‌ഘാടനം 9ന്

സിബി ജോർജ്Updated: Tuesday Apr 3, 2018

ആലപ്പുഴ > ജല ആംബുലൻസുമായി ജലഗതാഗത വകുപ്പിന്റെ പുതിയ സേവനദൗത്യം. ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള ജല ആംബുലൻസ് സർവീസ്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രോഗികളെ ആശുപത്രിയിലെത്തിക്കാനും അത്യാഹിത സന്ദർഭങ്ങളിലും 'ജല ആംബുലൻസ്' എന്ന ജീവൻരക്ഷാ ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താം. 24 മണിക്കൂറുംസർവീസ് ലഭിക്കും. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നീ ബോട്ട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും ലഭ്യം. പ്രാഥമികശുശ്രൂഷ നൽകാൻ പരിശീലനം നേടിയ ജലഗതാഗതവകുപ്പിലെ ജീവനക്കാർക്കാണ് ബോട്ടിന്റെ ചുമതല. യാത്രാബോട്ടുകൾ മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ (11 കിമീ) വേഗത്തിൽ സഞ്ചരിക്കുമ്പോൾ ജീവൻരക്ഷാബോട്ടുകൾക്ക് ഇരട്ടിയിലേറെയാണ് വേഗം (25 കിലോമീറ്റർ).


2002ൽ വേമ്പനാട്ടുകായലിൽ സംഭവിച്ച കുമരകം ബോട്ട്ദുരന്തത്തിനുശേഷമാണ് ജീവൻരക്ഷാബോട്ടുകളുടെ ആവശ്യകത ജലഗതാഗതവകുപ്പിന് ബോധ്യപ്പെട്ടത്. അന്നത്തെ അപകടത്തിൽ 29 പേരാണ് മുങ്ങിമരിച്ചത്. നടുക്കായലിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതും മരണസംഖ്യ വർധിക്കാനിടയാക്കി. സർവീസ് ബോട്ടുകൾ യാത്രയവസാനിപ്പിച്ച് രാത്രിയിൽ സ്റ്റേഷനിൽ കെട്ടിയിടുമ്പോൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സഹായം ചോദിച്ച് ആളുകൾ വരാറുണ്ടെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. മാനുഷിക പരിഗണനയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ബോട്ട് ഓടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ കണക്കുകൂട്ടിയാണ് ജീവൻരക്ഷാബോട്ടുകൾ ഇറക്കാനുള്ള വകുപ്പിന്റെ തീരുമാനം. ബോട്ട് ഉപയോഗപ്പെടുത്തുന്നവരിൽനിന്ന് ചെറിയതുകമാത്രം ഈടാക്കും.


സർക്കാരിന്റെ പിന്തുണയിൽ ആധുനീകരണത്തിലേക്ക് കുതിക്കുന്ന ജലഗതാഗതവകുപ്പ് കാലപ്പഴക്കംചെന്ന ബോട്ടുകൾ പിൻവലിച്ച് പുതിയ 14 ബോട്ടുകൾ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി സോളാർബോട്ടുകളിലേക്ക് മാറുകയാണ് ലക്ഷ്യം. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് എസി ബോട്ടുകൾ ഓടിക്കാനും  പദ്ധതിയുണ്ട്. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ ടാക്സിയാണ് മറ്റൊന്ന്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലായി 55 ബോട്ടുകളാണ് നിലവിലുള്ള സർവീസ്. ദിവസേന 65,000 യാത്രക്കാരുമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top