05 November Tuesday

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റേത്‌ ഗുരുതര വീഴ്ച ; അതിതീവ്രമഴ പ്രവചിക്കാനോ മുന്നറിയിപ്പു നൽകാനോ കഴിഞ്ഞില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024


തിരുവനന്തപുരം
വയനാട്ടിൽ ഉരുൾപൊട്ടലിന്‌ കാരണമായ അതിതീവ്രമഴ പ്രവചിക്കാനോ മുന്നറിയിപ്പു നൽകാനോ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌ കഴിഞ്ഞില്ലെന്നത്‌  ഗൗരവത്തോടെ കാണണമെന്ന്‌ ശാസ്ത്രലോകം. ഉരുൾപൊട്ടൽസൂചന  നൽകാൻ ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയ്‌ക്കും കഴിഞ്ഞില്ല.  സംസ്ഥാനങ്ങൾക്ക്‌ മുന്നറിയിപ്പുകൾ നൽകേണ്ട  സ്ഥാപനങ്ങളാണിവ.

തീവ്രമഴ മുൻകൂട്ടിക്കണ്ട്‌ റെഡ്‌ അലർട്ട്‌ നൽകാനായില്ലെന്ന്‌ ഐഎംഡി മേധാവി ഡോ. മൃത്യുഞ്‌ജയ മഹാപാത്ര വ്യക്തമാക്കിയിരുന്നു. 30ന്‌ രാവിലെയാണ്‌ റെഡ്‌ അലർട്ട്‌ നൽകിയത്‌. അപ്പോഴേക്കും ദുരന്തം നടന്ന്‌ മണിക്കൂറുകൾ കഴിഞ്ഞു. സംസ്ഥാനത്തിന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു എന്ന അമിത്‌ ഷായുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു. ദുരന്തത്തിനുമുൻപ്‌ റെഡ്‌ അലർട്ട്‌ ലഭിച്ചില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.


 

ജൂലൈ 18നും 25നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌  ഇറക്കിയ രണ്ട്‌  എക്‌സ്റ്റന്റഡ്‌ റേഞ്ച്‌ പ്രവചനത്തിൽ 29ന്‌ റെഡ്‌ അലർട്ട്‌ ഉണ്ടായിരുന്നില്ല. 28നും 29നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴയാണ്‌ പ്രവചിച്ചത്‌. ജൂലൈ 26 മുതൽ ആഗസ്ത്‌ ഒന്നുവരെ സാധാരണ മഴയാണെന്നാണ്‌  തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും പറഞ്ഞത്‌. പുണെ കാർഷിക കാലാവസ്ഥ പ്രവചന വിഭാഗം ജൂലൈ 26മുതൽ 30വരെ 15 മില്ലീമീറ്റർ മഴയാണ്‌ പ്രവചിച്ചിരുന്നത്‌. മറ്റ്‌ മുന്നറിയിപ്പുകൾ നൽകിയിരുന്നില്ല.൩൦ന് രാവിലെ ൮.൩൦ന് അവസാനിച്ച 48 മണിക്കൂറിൽ  പുത്തുമലയിൽ  572 മില്ലീമീറ്റർ മഴയാണ്‌ പെയ്തത്‌. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 29ന് നൽകിയ മുന്നറിയിപ്പിൽ ഉരുൾപൊട്ടൽ സാധ്യത പ്രവചിച്ചിരുന്നില്ല. പച്ച അലർട്ടായിരുന്നു.  23 മുതൽ 29വരെ ഇരുവഴിഞ്ഞിപുഴയിലോ ചാലിയാറിലോ കേന്ദ്ര ജല കമീഷൻ പ്രളയമുന്നറിയിപ്പും നൽകിയില്ല. 2017 നവംബറിൽ  ഓഖി ചുഴലിക്കാറ്റും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പ്രവചിച്ചിരുന്നില്ല. ചുഴലിക്കാറ്റുണ്ടായി മണിക്കൂറുകൾക്ക്‌ ശേഷമാണ്‌ മുന്നറിയിപ്പ്‌ എത്തിയത്‌. സംസ്ഥാന സർക്കാരിന്‌ നേരത്തെ മുന്നറിയിപ്പ്‌ നൽകിയിരുന്നുവെന്നായിരുന്നു ആദ്യം കേന്ദ്ര അവകാശവാദം. പിന്നീട്‌ പാർലമെന്റിൽ വീഴ്‌ച സമ്മതിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ  പാർലമെന്ററി സ്ഥിരംസമിതിയും കാലാവസ്ഥാ വകുപ്പിന്റെ വീഴ്‌ച സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top