24 September Tuesday

തേങ്ങാപ്പാലിൽ
 വിജയഗാഥയുമായി സുമില

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


കൊച്ചി
‘‘ഒരു പായസമുണ്ടാക്കാൻ ഒരുപാട്‌ പണിയാണ്‌. തേങ്ങയിടണം,  പൊതിക്കണം, പൊട്ടിക്കണം, ചിരകണം, പിഴിയണം... ഇനി ഈ കഷ്ടപ്പാടുകൾ ഒന്നും വേണ്ട. പരിപ്പുപായസം ഉണ്ടാക്കണമെങ്കിൽ പരിപ്പും ശർക്കരയും തിളപ്പിച്ച്‌ വെന്തുകഴിഞ്ഞ്‌ ഗ്രീൻനട്ട്‌സിന്റെ തേങ്ങാപ്പാൽ ആവശ്യത്തിന്‌ ചേർത്ത്‌ ഒന്നു തിളപ്പിക്കുകമാത്രമേ വേണ്ടൂ, രുചിയൂറും പായസം തയ്യാർ.’’ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച ലോക നാളികേരദിനാഘോഷ പരിപാടിക്കെത്തിയ ഏങ്ങണ്ടിയൂരിലെ ഗ്രീനൗറ ഇന്റർനാഷണൽ സംരംഭക മത്രംകോട്ട്‌ സുമില ജയരാജിന്റെ വാക്കുകളാണിത്‌. 

വീടിനടുത്ത വെർജിൻ ഓയിൽ കമ്പനിയിൽ മാനേജരായിരിക്കെ ലഭിച്ച അറിവുകളാണ്‌ സുമിലയെ സംരംഭകയാക്കിയത്‌. കമ്പനി ഉൽപ്പന്നങ്ങളെക്കുറിച്ച്‌ ഡോക്യുമെന്ററി നിർമിക്കാൻ ആവശ്യപ്പെട്ട്‌ അമേരിക്കയിൽനിന്ന്‌ വന്ന ഫോൺകോൾ വഴിത്തിരിവായി. ഇതിന്റെ അന്വേഷണത്തിലാണ്‌ നാളികേരത്തിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും അതിശയിപ്പിക്കുന്ന ഗുണങ്ങൾ തിരിച്ചറിഞ്ഞത്‌. വൈകാതെ വീടിനോട്‌ ചേർന്ന്‌ പുതിയ യൂണിറ്റ്‌ ആരംഭിച്ചു. വിജയകരമായതോടെ 74 ലക്ഷം വായ്‌പയെടുത്ത്‌ 1.75 കോടി ചെലവഴിച്ച്‌ 19.50 സെന്റ്‌ ഭൂമി വാങ്ങി ഗ്രീനൗറ ഇന്റർനാഷണൽ കമ്പനി ആരംഭിച്ചു. ഇവിടെ 15 തൊഴിലാളികളുണ്ട്‌. 

സ്വന്തം ബ്രാൻഡിൽ തേങ്ങാപ്പാൽ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാ അച്ചാർ, തേങ്ങാ കറിമസാല, വിനാഗിരി തുടങ്ങി ഒരുഡസനിലേറെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്‌. അമേരിക്ക, ക്യാനഡ എന്നിങ്ങനെ വിദേശങ്ങളിലേക്കും ഉൽപ്പന്നങ്ങൾ അയക്കുന്നു. തൃശൂർ പുഴയ്‌ക്കൽ വ്യവസായ പാർക്കിൽ പുതിയ യൂണിറ്റ്‌ തുറക്കാനുള്ള ശ്രമത്തിലാണ്‌ സുമില ജയരാജ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top