22 November Friday
ഓപ്പറേഷൻ പി-ഹണ്ട്

കുട്ടികളുടെ ന​ഗ്ന​ദൃശ്യങ്ങൾ പങ്കുവച്ചു; ആറ് പേര്‍ അറസ്റ്റില്‍, 37 കേസുകൾ രജിസ്റ്റർ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

തിരുവനന്തപുരം> കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തു. പൊലീസിന്റെ  ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാ​ഗമായി സംസ്ഥാനത്ത് 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 20 പൊലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 106 പ്രകാരം 107 റിപ്പോര്‍ട്ടുകളും രജിസ്റ്റര്‍ ചെയ്തു.

പി ഹണ്ടിന്‍റെ ഭാഗമായി ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറത്ത് 60 സ്ഥലങ്ങളില്‍ പരിശോധന നടത്തി 23 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 39 സ്ഥലങ്ങളില്‍ പരിശോധന നടത്തി 29 ഉപകരണങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് പരിശോധന നടത്തിയത് പത്തനംതിട്ടയിലാണ്. എട്ട് സ്ഥലങ്ങളിലാണ് ഇവിടെ തിരച്ചില്‍ നടത്തിയത്.

ആലപ്പുഴ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം ഏഴ്, കാസര്‍ഗോഡ് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂര്‍ റൂറല്‍, തൃശ്ശൂര്‍ സിറ്റി, വയനാട് എന്നിവിടങ്ങളില്‍ മൂന്ന് തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top