22 December Sunday

പച്ചക്കറി മുതൽ പൂക്കൾവരെ ; 2154 ഓണച്ചന്തയുമായി 
കുടുംബശ്രീ

സ്വന്തം ലേഖികUpdated: Tuesday Sep 3, 2024



തിരുവനന്തപുരം
പച്ചക്കറി മുതൽ പൂക്കൾവരെ ഒരുക്കി, സംസ്ഥാനമാകെ 2000-ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ. ഉപ്പേരിയും ശർക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉൽപ്പന്നങ്ങളുമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 10ന്‌ മന്ത്രി എം ബി രാജേഷ് പത്തനംതിട്ടയിൽ കുടുംബശ്രീ ഓണംവിപണന മേളയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീക്കുകീഴിലുള്ള 1070 സിഡിഎസിൽ ഓരോന്നിലും രണ്ടുവീതം 2140 ചന്തയും 14 ജില്ലാ വിപണനമേളയും സംഘടിപ്പിക്കും.

സംസ്ഥാനത്ത്‌ 2154 ഓണച്ചന്തയുണ്ടാകും. മേള സംഘടിപ്പിക്കാൻ ഓരോ ജില്ലക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ, നഗര സിഡിഎസുകൾക്ക് 20,000 രൂപവീതവും നൽകും. നഗര സിഡിഎസിൽ രണ്ടിൽ കൂടുതലുള്ള ഓരോ മേളയ്ക്കും 10,000 രൂപവീതവും നൽകും. കുടുംബശ്രീയുടെ സൂക്ഷ്മസംരംഭ കാർഷിക സംരംഭകർക്ക് വരുമാനം നേടാനുള്ള മികച്ച അവസരമാണ് മേളയിലൂടെ ലഭിക്കുക. ഒരു അയൽക്കൂട്ടത്തിൽനിന്ന്‌ കുറഞ്ഞത് ഒരുൽപ്പന്നമെങ്കിലും മേളയിൽ എത്തിക്കും.

"ഫ്രഷ് ബൈറ്റ്സ്' ചിപ്സ്, ശർക്കരവരട്ടി തുടങ്ങി കുടുംബശ്രീ ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങളും വിപണിയിലെത്തും. ധാന്യപ്പൊടി, ഭക്ഷ്യോൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും ലഭിക്കും. വനിതാകർഷകർ കൃഷിചെയ്ത ചെണ്ടുമല്ലി, ബന്ദി, മുല്ല, താമര തുടങ്ങിയ വിവിധയിനം പൂക്കളും മേളയിലുണ്ടാകും. 14ന് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top