03 October Thursday

ചുവടുവയ്‌ക്കാം ശുചിത്വസുന്ദര നവകേരളത്തിലേക്ക്‌ ; ജനകീയ ക്യാമ്പയിൻ നാട്‌ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


കൊച്ചി
ശുചിത്വസുന്ദര നവകേരളം ലക്ഷ്യമിട്ടുള്ള മാലിന്യമുക്ത ജനകീയ ക്യാമ്പയിൻ ഏറ്റെടുത്ത്‌ നാട്‌. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി, അന്തരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച്‌ 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടക്കും. തദ്ദേശസ്ഥാപനങ്ങൾ, ഹരിത കേരളം, ശുചിത്വ മിഷൻ, കുടുംബശ്രീ തുടങ്ങിയവയുടെ സഹായത്തോടെയാണ്‌ മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്‌.

ഒരു വർഷമായി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത്‌ ആറുമാസത്തിനകം രാജ്യത്തെ ആദ്യ മാലിന്യരഹിത സംസ്ഥാനമാകാനാണ്‌ കേരളം ചുവടുവയ്‌ക്കുന്നത്‌. ഇതിന്റെ ഭാഗമായി ജൈവ, അജൈവ, ദ്രവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലെ കുറവുകൾ കണ്ടെത്തി പരിഹരിക്കും. ടൗണുകൾ, കച്ചവടസ്ഥാപനങ്ങൾ, വൻതോതിൽ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, സ്‌കൂളുകൾ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി ഇവയുടെ പോരായ്‌മകൾ പരിഹരിക്കും.

അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, നഗര–-ഗ്രാമപ്രദേശങ്ങൾ, വിദ്യാലയങ്ങൾ, പൊതുയിടങ്ങൾ, മാർക്കറ്റുകൾ, നീർച്ചാലുകൾ തുടങ്ങിയ ഇടങ്ങളെല്ലാം നവംബർ, ഡിസംബർ, ജനുവരി, മാർച്ച്‌ മാസങ്ങളിൽ ഘട്ടം ഘട്ടമായി മാലിന്യമുക്തമാക്കും. സമ്പൂർണ ഹരിത അയൽക്കൂട്ടം, സമ്പൂർണ ഹരിത ടൂറിസം കേന്ദ്രം, സമ്പൂർണ ശുചിത്വ ഗ്രാമം/ നഗരം, സമ്പൂർണ ഹരിത ഓഫീസ്, സമ്പൂർണ ഹരിത വിദ്യാലയം തുടങ്ങി വിവിധ മേഖലകളിലെ പ്രഖ്യാപനവും നടത്തും.
ക്യാമ്പയിനിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ, ബോധവൽക്കരണ പ്രർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്‌. ജില്ലയിലെ ആദ്യ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ. കോളേജിനെ അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപിച്ചു.

ആദ്യഘട്ടം 
നവംബർ ഒന്നിന് 
പൂർത്തിയാകും
തദ്ദേശസ്ഥാപനങ്ങളിൽ നിർവഹണസമിതികൾ രൂപീകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നത്‌. മാലിന്യം കുറയ്‌ക്കുക, ജൈവമാലിന്യം ഉറവിടത്തിൽ വളമോ, ബയോഗ്യാസോ ആക്കി മാറ്റുക, അജൈവ പാഴ്‌വസ്തുക്കൾ തരംതിരിച്ച്‌ കൈമാറുക, ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ നിരോധനം, ശക്തമായ നിയമ നടപടികൾ എന്നിവയാണ്‌ ലക്ഷ്യം. നവംബർ ഒന്നിന് ആദ്യഘട്ടം പൂർത്തിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top