23 December Monday

പ്രേമലേഖനങ്ങളിൽ പൂത്തു 
ചങ്ങമ്പുഴ കാവ്യചന്ദ്രിക

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ചങ്ങമ്പുഴയുടെ 114–-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച 
പ്രേമലേഖന മത്സരത്തിൽ പങ്കെടുക്കുന്ന വത്സ അഗസ്റ്റിൻ


കൊച്ചി
ഭാവനയുടെ മലരണിക്കാടുകളുലച്ച്‌ പ്രേമത്തിന്റെ മധു ചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി അവരെഴുതി. അനശ്വര കവി ചങ്ങമ്പുഴ കൃഷ്‌ണപ്പിള്ളയ്‌ക്ക്‌ പ്രേമാഞ്ജലിയായി ഹൃദയരക്തം ചാലിച്ച പ്രേമലേഖനങ്ങൾ. ആദ്യമായി പ്രണയലേഖനമെഴുതിയ എഴുപത്തൊമ്പതുകാരി വത്സ അഗസ്‌റ്റിൻ മുതൽ സഹപാഠിയെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം വീണ്ടും പ്രേമലേഖനമെഴുതാനെത്തിയ അറുപതുകാരൻ ആർ സന്തോഷ്‌കുമാർവരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. ചങ്ങമ്പുഴയുടെ 114–-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്‌മാരക ഗ്രന്ഥശാല സംഘടിപ്പിച്ച പ്രേമലേഖനമെഴുത്ത്‌ മത്സരത്തിന്റെതായിരുന്നു വേദി.

പ്രായഭേദമില്ലാതെ ഏവർക്കും പങ്കെടുക്കാവുന്നതായിരുന്നു മത്സരം. മത്സരാർഥികളിൽ കൂടുതലും 50 വയസ്സിനുമേലുള്ളവർ. 19 സ്‌ത്രീകളും ആറ്‌ വിദ്യാർഥികളുമുൾപ്പെടെ പ്രേമമെഴുതി മത്സരിച്ചത്‌ 67 പേർ. പ്രണയത്തിന് ജാതിയോ മതമോ പ്രായമോ ഇല്ലെന്ന്‌ കത്തെഴുതി പഴയ പ്രണയകാലം വീണ്ടെടുത്ത അറുപതുകാരൻ കളമശേരി സ്വദേശി ആർ സന്തോഷ്‌കുമാർ പറഞ്ഞു. സഹപാഠിയെ പ്രണയിച്ച് വിവാഹം കഴിച്ച സന്തോഷ്‌കുമാർ പിന്നീട് പ്രേമലേഖനമെഴുതിയിട്ടില്ല. ചങ്ങമ്പുഴയുടെ കാവ്യനിലാവിനു കീഴിലിരുന്ന്‌ പ്രേമലേഖനം കുറിക്കാനായതിന്റെ കതിരൊളി കാന്തി മുഖത്ത്‌.

ജീവിതത്തിൽ ഒരിക്കൽപ്പോലും പ്രണയലേഖനം എഴുതുകയോ പ്രണയിക്കുകയോ ചെയ്യാത്ത ഇടപ്പള്ളി സ്വദേശി വത്സ അഗസ്റ്റിനായിരുന്നു മുതിർന്ന മത്സരാർഥി. ചെറുപ്പത്തിൽ പലരോടും പ്രണയം തോന്നിയിട്ടുണ്ടെങ്കിലും പ്രണയിക്കാനോ ലേഖനം എഴുതാനോ പറ്റിയതായിരുന്നില്ല വീട്ടിലെ സാഹചര്യമെന്ന്‌ നഷ്‌ടപ്രണയകാല സ്‌മരണയിൽ വത്സ അഗസ്‌റ്റിൻ പറഞ്ഞു. പലരും പ്രണയത്തെക്കുറിച്ച് പറയുമ്പോൾ അസൂയയോടെയാണ് കേട്ടിരുന്നത്‌. ഇപ്പോഴെങ്കിലും പ്രണയലേഖനം എഴുതാൻ സാധിച്ചതിന്റെ സന്തോഷം വത്സ ആഗസ്റ്റിന്റെ വാക്കുകളിൽ. മാമംഗലം സ്വദേശിയായ വിനോദ്, അധ്യാപികയായ ഭാര്യ ആശയുമൊത്താണ് ആദ്യ പ്രണയലേഖനമെഴുതാനെത്തിയത്. ചങ്ങമ്പുഴയുടെ കവിത വായിക്കുമ്പോൾ പ്രണയം ഇല്ലാത്തവരുടെ മനസ്സിലും പ്രണയമുണ്ടാകുമെന്ന് ആശ പറഞ്ഞു.
ചിറ്റൂർ എസ്ബിഒ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ യാഹത്തും ജിബിയും മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം പ്രണയമാണെന്ന വിശ്വാസത്തിൽ ചാലിച്ചാണ്‌ ആദ്യരചന നടത്തിയത്‌. മത്സരഫലം പിന്നീട്‌. മികച്ച ആദ്യമൂന്ന്‌ പ്രേമമെഴുത്തുകാർക്കാണ്‌ സമ്മാനം. 8, 9,10 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ്‌ കവിയുടെ ജന്മവാർഷികാഘോഷ പരിപാടികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top