കൊച്ചി
യന്ത്രത്തകരാർമൂലം എട്ട് ദിവസം പുറംകടലിൽ ഒഴുകിയ മീൻപിടിത്തബോട്ടിലെ തമിഴ്‌നാട്ടുകാരായ 12 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒമാൻ തീരത്തുനിന്ന് രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ച തൊഴിലാളികളെ തമിഴ്‌നാട് ഫിഷറീസ് വകുപ്പിന് കൈമാറി.
കന്യാകുമാരി ജില്ലയിലെ അരുളപ്പൻ എന്നയാളുടെ ‘അലങ്കാര മാതാ’ ബോട്ടിൽ സെപ്‌തംബർ 10ന് തോപ്പുംപടി ഹാർബറിൽനിന്നാണ് തൊഴിലാളികൾ മീൻപിടിത്തത്തിന് പുറപ്പെട്ടത്. അഞ്ചുദിവസത്തെ യാത്രയ്ക്കുശേഷം രണ്ടുദിവസം മീൻപിടിത്തം നടത്തി. മൂന്നാംദിവസം രാത്രി ബോട്ടിന്റെ യന്ത്രം നിലച്ചു. എൻജിൻ റൂമിൽ വെള്ളം കയറി. തുടർന്ന് എട്ടു ദിവസം കടലിൽ ഒഴുകി. 26ന് യുഎഫ്എൽ ദുബായ് എന്ന കപ്പലിലുള്ളവർ ബോട്ട് ഒഴുകിനടക്കുന്ന വിവരം ഇന്ത്യൻ തീരരക്ഷാസേനയെയും മറൈൻ റസ്ക്യൂ കോ–-ഓർഡിനേഷൻ സെന്ററി(എംആർസിസി)നെയും അറിയിച്ചു. തുടർന്ന് എംആർസിസി നിർദേശപ്രകാരം ബോട്ടിലുള്ളവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ചു. എന്നാൽ, യന്ത്രത്തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് ബോട്ടും അതിലുണ്ടായിരുന്ന എട്ടു ലക്ഷം രൂപയുടെ മീനുകളും കടലിൽ ഉപേക്ഷിക്കേണ്ടിവന്നു.
എംആർസിസി നിർദേശപ്രകാരം ബോട്ടിലുണ്ടായിരുന്നവരെ കൊച്ചിയിലേക്ക് വരികയായിരുന്ന ‘കൈല ഫോർച്യൂൺ’ എന്ന കപ്പലിൽ കയറ്റി. കൊച്ചിയുടെ ഔട്ടർ ആങ്കറേജിൽ കേരള ഫിഷറീസ് -മറൈൻ എൻഫോഴ്‌സ്‌മെന്റ് പ്രത്യാശ മറൈൻ ആംബുലൻസ് എത്തി തൊഴിലാളികളെ ഏറ്റുവാങ്ങി. തുടർന്ന് തീരരക്ഷാസേനയുടെ കൊച്ചി ആസ്ഥാനത്തും സീപോർട്ട് എമിഗ്രേഷൻ ഓഫീസിലും വിശദ പരിശോധനയ്‌ക്കുശേഷം തമിഴ്നാട് ഫിഷറീസ് വകുപ്പിന് കൈമാറി.മറൈൻ എൻഫോഴ്‌സ്‌മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് മഞ്ജിത് ലാൽ, ഫിഷറീസ് വകുപ്പിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. വിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..