കാലടി
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ കാലടി ടൗൺ സന്ദർശിച്ചു.
റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ മനോജ്, ആർടിഒ എ എം സുനിൽകുമാർ, ആർടിഒ എം ബി ശ്രീകാന്ത് എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. റോഡിലെ മീഡിയനുകളും ഫ്രീ ലെഫ്റ്റിന് തടസ്സമായി നിൽക്കുന്ന വൈദ്യുതിത്തൂണുകളും ബിഎസ്എൻഎൽ പോസ്റ്റുകളും അടിയന്തരമായി മാറ്റുന്നതിന് നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശബരിമല തീർഥാടനം ആരംഭിക്കുന്നതിനുമുമ്പായി ആവശ്യമായ നടപടികൾ സ്വീകരിക്കും.
നേരത്തേ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മന്ത്രി മുൻകൈയെടുത്ത് യോഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ കഴിഞ്ഞ മേയിൽ കാലടി ശങ്കര പാലംമുതൽ മറ്റൂർവരെ റോഡിൽ മീഡിയൻ സ്ഥാപിച്ചതോടെ ഒരുപരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി. എന്നാൽ, വാഹനങ്ങൾ മീഡിയനുകൾ ഇടിച്ച് നശിപ്പിച്ചു. തകരാറിലായ മീഡിയനുകൾ പുനഃസ്ഥാപിക്കാനുംമറ്റും യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. ഇതോടെ റസിഡന്റ്‌സ് അസോസിയേഷനും ട്രാഫിക് പരിഷ്കരണനടപടികളിൽനിന്ന് പിന്മാറി. പഞ്ചായത്ത് അംഗം പി ബി സജീവും പൊലീസും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..