03 December Tuesday

കസ്‌റ്റഡി മർദനം 
കൃത്യനിർവഹണത്തിന്റെ 
ഭാഗമല്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


കൊച്ചി
കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയോ ചെയ്തയാളെ മർദിക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾക്ക് നിയമസംരക്ഷണം ലഭിക്കില്ല.  ഇത്തരം കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. തനിക്കെതിരെ  കേസെടുക്കാനുള്ള മജിസ്ട്രേട്ട്‌ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നിലമ്പൂർ മുൻ എസ്ഐ സി അലവി നൽകിയ ഹർജി തള്ളിയാണ് നിരീക്ഷണം.

2008ൽ പൊതുജനമധ്യത്തിൽവച്ച് അപമാനിച്ചെന്നാരോപിച്ച് സ്ത്രീ നൽകിയ പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ എടക്കര സ്വദേശി അനീഷ്‌ കുമാറിനെ ചോദ്യം ചെയ്യലിനിടെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് അലവിക്കെതിരായ കേസ്. മർദിക്കുന്നത്‌ തടയാൻ ശ്രമിച്ച അതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയും അനീഷിന്റെ സഹോദരിയുമായ നിഷക്കും മർദനമേറ്റു. നിഷ ഗർഭിണിയുമായിരുന്നു. ഇവ‌രുടെ മെഡിക്കൽ റിപ്പോർട്ടുകളിൽ പരിക്കുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു.

വനിത നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ഡിവൈഎസ്‌പിയുടെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അനീഷ് നിലമ്പൂർ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് എസ്ഐക്കെതിരെ കേസെടുത്തത്. ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടിയെടുക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top