തൃപ്പൂണിത്തുറ
ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആദ്യമായി പ്രവേശിച്ച നാലംഗ ദളിത് സംഘം ഇനി ഓർമ. സംഘത്തിലെ അവസാന ആളായ കോട്ടപ്പുറത്ത് കെ കൃഷ്ണൻ (89, റിട്ട. കലക്ടറേറ്റ്) വൃശ്ചികോത്സവ ദിവസത്തിൽ അന്തരിച്ചു. സിപിഐ എം കോട്ടപ്പുറം ബ്രാഞ്ച് അംഗമാണ്. മൃതദേഹം ചൊവ്വ പകൽ 11.30ന് കോട്ടപ്പുറത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം പകൽ 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: മണി, സുഗുണൻ, സുലേഖ, പരേതയായ കമല. മരുമക്കൾ: ശാന്ത, ഉഷ, അശോകൻ, അനിരുദ്ധൻ.
കോട്ടപ്പുറത്തെ ദളിത് കർഷകത്തൊഴിലാളികളായ കുമാരന്റെയും മാധവിയുടെയും മൂത്തമകൻ കൃഷ്ണൻ വിളംബരം വന്ന സമയത്ത് തൃപ്പൂണിത്തുറ ബോയ്സ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കളായ പത്മാക്ഷൻ, കുഞ്ഞപ്പൻ, തങ്കപ്പൻ എന്നിവരോടൊപ്പമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്.1936ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചെങ്കിലും കൊച്ചിയിൽ 1947 ഡിസംബർ 20നാണ് വിളംബരം വന്നത്. എന്നാൽ, പൂർണത്രയീശ ക്ഷേത്രത്തെ വിളംബരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. കിഴക്കേക്കോട്ടയിലെ സ്കൂളിലേക്കുള്ള വഴികൾപോലും ഉപയോഗിക്കുന്നതിന് ഹരിജനങ്ങൾക്കടക്കം അനുവാദമില്ലായിരുന്നു.
പൂർണത്രയീശ ക്ഷേത്രത്തിനുപിന്നിലെ കോട്ടപ്പുറത്ത് താമസിച്ചിരുന്ന കൃഷ്ണനും കൂട്ടുകാരും കോട്ടപ്പുറത്തെ പുഴ താണ്ടി താലൂക്കാശുപത്രിക്ക് പിന്നിലൂടെ അന്ധകാരത്തോട് കടന്നാണ് സ്കൂളിലേക്ക് വന്നിരുന്നത്. സ്റ്റാച്യു ജങ്‌ഷനിലും ഇവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പൂർണത്രയീശ ക്ഷേത്രത്തിൽ പറവയ്‌ക്കാൻ ഹരിജനങ്ങൾക്ക് കഴിയുമായിരുന്നെങ്കിലും എരൂർ പിഷാരികോവിലിന് കിഴക്കുഭാഗത്താണ് ഇതിന് അനുവാദം ഉണ്ടായിരുന്നത്. എന്നാൽ, പറ എഴുന്നള്ളിപ്പുവരുമ്പോൾ ഓടിമാറണമായിരുന്നു.
പിന്നാക്കജാതിക്കാർക്ക് പ്രത്യേക ക്ലാസുമുറി ഉണ്ടായിരുന്ന അക്കാലത്ത് ക്ഷേത്രപ്രവേശന വിളംബരം അറിഞ്ഞാണ് കൃഷ്ണന്റെ നേതൃത്വത്തിൽ നാലംഗസംഘം തെക്കേ ഗോപുരവാതിലിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. പിന്നാക്കജാതിക്കാരെ കണ്ടതോടെ സവർണർ ഓടിമാറി. എന്നാൽ, കോട്ടയ്ക്കകത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ ചിലർ ഇവരെ ക്ഷണിച്ച് ക്ഷേത്രംചുറ്റിക്കാണാൻ അവസരം ഒരുക്കി. പിന്നീട് പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ കൃഷ്ണൻ, കല്ലുവെച്ചുകാട് നടന്ന കർഷകത്തൊഴിലാളി സമരത്തിനും നേതൃത്വം നൽകി. സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായി മാറിയ കൃഷ്ണൻ, കർഷക തൊഴിലാളി യൂണിയൻ തൃപ്പൂണിത്തുറ വില്ലേജ് സെക്രട്ടറി, സിപിഐ എം കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..