03 December Tuesday

ബിയാങ്കയുടെ ചിത്രങ്ങൾ ഇനി കുരുന്നുകൈകളിലേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


മട്ടാഞ്ചേരി
മനസ്സുകൊണ്ട്‌ പഠിച്ചെടുത്ത പാഠങ്ങൾ ഒട്ടേറെ കുരുന്നുകൾക്ക്‌ പകർന്നുനൽകുകയാണ്‌ പ്ലസ് വൺ വിദ്യാർഥിനി ബിയാങ്ക. ജന്മനാ ബധിരയായ ഈ മരട് സ്വദേശിനി വരച്ച ചിത്രങ്ങൾ എസ്‌സിഇആർടിയുടെ പാഠപുസ്തകങ്ങളിലൂടെ കുരുന്നുകൈകളിലെത്തും. ലോക ഭിന്നശേഷിദിനം ആചരിക്കുമ്പോൾ ബിയാങ്കയ്ക്ക്‌ സന്തോഷിക്കാൻ അതിലേറെ മറ്റൊന്നുമില്ല.

മരട് സ്വദേശികളായ ജെൻസന്റെയും ജെൻസിയുടെയും മകളായ ബിയാങ്ക ചെറുപ്രായംമുതൽ ചിത്രകലയുടെ ലോകത്താണ്‌. കോവിഡ് കാലഘട്ടത്തിലെ സ്കൂൾ അവധിസമയത്ത് ഒട്ടേറെ ചിത്രങ്ങൾ വരച്ചു. ശിശുക്ഷേമവകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരജേതാവാണ്‌. പത്താംക്ലാസ് വരെ തോപ്പുംപടി മുണ്ടംവേലി ഫാദർ അഗസ്തീനോ വിച്ചീനിസ് സ്പെഷ്യൽ സ്കൂളിൽ പഠിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കെ ജെ മാക്സി എംഎൽഎയുടെ അക്ഷരദീപം പുരസ്കാരവും നേടി. സ്കൂളിനെ പ്രതിനിധാനം ചെയ്‌ത്‌ പങ്കെടുത്ത മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മരട് മാങ്കായി സർക്കാർ സ്കൂളിലാണ്‌ പ്ലസ് വൺ പഠനം. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും സമ്മാനം നേടി.

എസ്‌സിഇആർടിക്കുവേണ്ടി രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ബിയാങ്ക വരച്ച ചിത്രങ്ങളും പാഠപുസ്തകത്തിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. 14 ജില്ലകളിലെ പൊതുവിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുത്ത കുട്ടികളിലാണ്‌ ബിയാങ്കയും ഇടംപിടിച്ചത്‌. ബിയാങ്കയുടെ ചിത്രങ്ങൾ പാഠപുസ്തകത്തിൽ അച്ചടിച്ചുവരുന്നതും കാത്തിരിക്കുകയാണ് അധ്യാപകരും സഹപാഠികളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top