തിരുവനന്തപുരം
സംസ്ഥാന ശിശുക്ഷേമസമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച മൂന്ന് ആയമാർ അറസ്റ്റിൽ. ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയുടെ പരാതിയിൽ കല്ലമ്പലം സ്വദേശി ബി സിന്ധു, ശ്രീകാര്യം സ്വദേശി മഹേശ്വരി, കരുമം സ്വദേശി എസ് കെ അജിത എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സമിതിയുടെ സംരക്ഷണയിലുള്ള രണ്ടരവയസ്സുകാരി കിടക്കയിൽ മൂത്രമൊഴിച്ചതിന് ആയമാർ മുറിവേൽപ്പിച്ചു എന്നാണ് പരാതി.
കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് പിൻഭാഗത്തും സ്വകാര്യഭാഗത്തും മുറിവ് കണ്ടെത്തിയത്. ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. നഖംകൊണ്ടുള്ള മുറിപ്പാടുകൾ മുതിർന്നവരുടേതാണെന്ന് കണ്ടെത്തി. വനിതാ ശിശുക്ഷേമ മന്ത്രിയുടെ ഓഫീസിലും അറിയിച്ചു. നിയമനടപടികളിലേക്ക് നീങ്ങാൻ മന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്നും ജനറൽ സെക്രട്ടറി അരുൺഗോപി പറഞ്ഞു.
കുട്ടിയെ മുറിവേൽപ്പിച്ചെന്ന് കണ്ടെത്തിയ ഉടൻ ഒരാഴ്‌ച ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ആയമാരെയും സമിതി പിരിച്ചുവിട്ടിരുന്നു. അറസ്റ്റിലായവരും അക്കൂട്ടത്തിലുള്ളവരാണ്. അജിതയാണ് മുറിവേൽപ്പിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. കുറ്റം മറച്ചുവച്ചതിനാണ് മഹേശ്വരി, സിന്ധു എന്നിവർക്കെതിരെ കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..