ഒലിച്ചുപോയ മനുഷ്യരെയും ബാക്കിയായ മണ്ണിനെയുംകുറിച്ചാണ് രാജ്യം സംസാരിക്കുന്നത്. ശേഷിക്കുന്നവർ ഊഹിക്കാൻ കഴിയുന്നതിനപ്പുറത്തുള്ള പിടച്ചിലുമായി ക്യാമ്പുകളിലുണ്ട്. അവരെക്കുറിച്ച് എന്തെഴുതിയാലും ആ വേദനയിലേക്ക് എത്താനാവില്ല. മേപ്പാടിയിൽ ഒമ്പതോളം ക്യാമ്പുണ്ട്.
വെള്ളരിമല ബ്രിട്ടീഷുകാരുടെ കാലത്താണ് വെള്ളാർമലയായത്. അവിടെ എത്തപ്പെട്ടവരാരും മറ്റെവിടേക്കും പോയില്ല. പലകാല തലമുറകൾ മണ്ണും മലകളും തേയിലക്കുന്നുകൾക്കുമൊപ്പം ആദ്യ ജീവിതത്തിന്റെ സഹനവും പേറി ജീവിച്ചു.
പ്രകൃതിഭംഗിയും ശാന്തതയും അവരെ കൂടുതൽ നിർമലരാക്കി. ഏറെ പേരും മഞ്ഞും മഴയും വെയിലും അനുഭവിച്ച് അട്ടകടിയേറ്റ് തേയിലക്കുന്നുകളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ. വീടണഞ്ഞാൽ ഭക്ഷണമൊരുക്കൽ, അൽപം ടിവി കാണൽ, ക്ഷീണം മറന്നൊരു ഉറക്കം. മറ്റൊരു ലോകവും അവർക്കില്ല. ഒരുമയുടെ ആഘോഷങ്ങളും കുന്നിൻ മുകളിലെ പങ്കുവെക്കലുകളുംമാത്രം. ആ ജനതയെയാണ് കുത്തിയൊലിച്ച മണ്ണും മഴയും പാറക്കല്ലുകളും ഒരൊറ്റ രാത്രി അവസാനിക്കുംമുമ്പ് കൊണ്ടുപോയത്. എല്ലാം നഷ്ടപ്പെട്ടവരെ അഭിമുഖീകരിക്കുക അത്ര എളുപ്പമല്ല. അവരിലേക്കാണ് ദേശവും മതവും ജാതിയും മറന്ന് സ്നേഹത്തിന്റെയും കരുണയുടെയും സഹായം ദിവസങ്ങളായി ഒഴുകിവരുന്നത്. മനുഷ്യരെ മതം കലർന്ന രാഷ്ട്രീയത്താൽ, വിഭാഗീയ വിഷം തളിച്ച് ആട്ടിയകറ്റാനോ നുണപ്രചാരണങ്ങൾകൊണ്ട് നുറുക്കിയിടാനോ കഴിയില്ലെന്ന് ഞങ്ങൾ നേരിട്ട് അനുഭവിക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നുവരെ സഹായം. ചേർന്നുനിൽക്കലിനോളം വലിയ പ്രാർഥനയില്ല എന്ന് അനുഭവിച്ചറിയുന്നു.
സോഷ്യൽ മീഡിയ തിളച്ചുമറിയുന്ന കാലത്താണ് മുലപ്പാൽ കൊടുക്കാൻ ഭാര്യ തയ്യാറാണെന്നറിയിച്ച് ഒരാളെത്തുന്നത്. മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തവും സുന്ദരവുമായ ആ പ്രഖ്യാപനത്തെ കേരളമൊന്നാകെ നെഞ്ചിലേക്കെടുത്തുവെച്ചു. ചില നീചർ ആ മുലപ്പാൽ ‘എനിക്കും വേണം' എന്ന പരിഹാസവുമായെത്തി. പൈതങ്ങൾക്കുവേണ്ടി മനസ്സും ശരീരവും നൽകാൻ ഒരമ്മ നിൽക്കുമ്പോൾ, വൃത്തികേട് പറയുന്ന ഇവരെ അടിച്ചൊതുക്കാതെ കൈകാലുകൾ കെട്ടിയിട്ട് മഴപെയ്യുന്ന വെള്ളാർമലയിൽ കൊണ്ടുകിടത്തണം. അവിടെ തീരും ദാഹം. ഏതൊരു സഹായവും വലിയ അനുഗ്രഹമാണിപ്പോൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചുപോലും പരിഹാസവും നുണ പ്രചരണങ്ങളും നടത്തുന്നതിനെ എടുത്തെറിയുന്ന കാഴ്‌ചയാണ് ക്യാമ്പുകളിൽ. അതാണ് മലയാളിയുടെ ഒരുമ.
പതിനെട്ടു വർഷമായി വെള്ളാർമല സ്‌കൂളിലുള്ള ഉണ്ണിക്കൃഷ്ണൻ മാഷ് ആലപ്പുഴക്കാരനാണ്. വിവരമറിഞ്ഞപ്പോൾ ആദ്യംവിളിച്ചത് അദ്ദേഹത്തെ. കരഞ്ഞുകൊണ്ട് മാഷ് പറഞ്ഞു: ‘ഞാനൊരു പച്ച മനുഷ്യനായത് വെള്ളാർമലയിൽ വന്നശേഷമാണ്. നാട്ടുകാരുടെ സ്‌നേഹത്താൽ പോകാൻ തോന്നിയില്ല. എല്ലാവരെയും എനിക്കറിയാം. വൈകുന്നേരം ചൂരൽമല അങ്ങാടിയിലേക്ക് പണികഴിഞ്ഞു വരുന്നവും വ്യദ്ധരും വന്നുചേരും. അവരുടെ പഴയ കഥകൾ, തമാശകളെല്ലാം പറയും. ചായ കുടിച്ചതിന്റെ പൈസ കൊടുത്തതായി എനിക്കോർമയില്ല. സമ്മതിക്കില്ല നാട്ടുകാർ. വിഷുവിനും ഓണത്തിനും ക്രിസ്‌മസ്സിനും പെരുന്നാളിനുമെല്ലാം മറ്റൊരു വയർ കൂടി ഉണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ചുപോകാറുണ്ട്. നോമ്പ് കാലത്ത് വൈകുന്നേരങ്ങളിലെത്തിക്കുന്ന രുചിയേറിയ പലഹാരങ്ങൾക്ക് കണക്കുണ്ടാവില്ല. ഇടയ്ക്ക് നാട്ടിലെ സ്‌നേഹിതരെയും ബന്ധുക്കളെയും കൂട്ടിവരും, ഇവിടുത്തെസ്നേഹം അനുഭവിക്കാനും എത്രത്തോളം ഒരുമയോടെയാണ് കഴിയുന്നതെന്നു കാണിച്ചു കൊടുക്കാനും.’ അപ്പോഴേക്കും മാഷിന് കരച്ചിലൊതുക്കാൻ കഴിഞ്ഞില്ല.
ഏറെയും തോട്ടം തൊഴിലാളികളായതിനാൽ പലർക്കും കുട്ടികളെ ഇരുത്താനുള്ള ഇടം മാത്രമായിരുന്നു വെള്ളാർമല സ്‌കൂൾ. ക്രമേണ മാറി. ഞങ്ങളെ മക്കളും പഠിക്കണം, ആടണം പാടണം, ഓടുകയും ചാടുകയും വേണമെന്ന് ആഗ്രഹിച്ചു. അതെല്ലാം സാധ്യമാക്കി. എംബിബിഎസുകാരെവരെ ഉണ്ണിക്കൃഷ്‌ണൻ മാഷടക്കമുള്ളവർ വാർത്തെടുത്തു. അഭിമാനം കൊണ്ടു. സ്‌കൂൾവാർഷികത്തെ ഗ്രാമോത്സവമായാണ് ആഘോഷിക്കാറുള്ളത്. ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവമാണത്.
കഴിഞ്ഞ വർഷമാണ് അവസാനമായി വെള്ളാർമലയിൽ പോയത്. വിദ്യാരംഗം കലോൽസവത്തിന്. നാടിന്റെ സഹകരണം നേരിട്ടനുഭവിച്ചു. വലിയൊരു ആഘോഷമായിരുന്നു അത്. ഞാനടക്കമുള്ളവരെയും കുട്ടികളെയും പ്രിയത്തോടെ ചേർത്തുപിടിച്ചു. ആ സ്‌കൂൾ ഇന്നില്ല. അവിടെ പഠിച്ച ചില കുട്ടികളുമില്ല. അവരുടെ അച്ഛനമ്മമാരുമില്ല.
ശേഷിക്കുന്ന കുറച്ചുപേരാണ് മരണംവരെ കൊണ്ടു നടക്കേണ്ട വേദന പേറി ക്യാമ്പുകളിലുള്ളത്. അവർക്കൊപ്പമാണ് നമ്മളിപ്പോൾ. അവരെ രക്ഷിച്ചവരാണ്, മനുഷ്യർ ദൈവങ്ങളായ കാഴ്‌ച നാം കണ്ടത്. അവർക്കായി ഇനി നമുക്കെന്താണ് നൽകാനാകുക. വീട്, സ്ഥലം, മരുന്ന്, ഭക്ഷണം, വസ്ത്രം എല്ലാം എല്ലാവരും കൊണ്ടുവരുന്നു. ക്യാമ്പുകൾ സാധനങ്ങൾ കൊണ്ട് നിറയുന്നു. ദിവസങ്ങൾ കടന്നുപോകുന്നു.
ഇനിയും ദിനങ്ങൾ കടന്നുപോകും. നമുക്ക് അതിജീവിക്കാതെ വയ്യ. അല്ല, നമ്മൾ അതിജീവിക്കും. അവരെല്ലാം സുരക്ഷിതമായ വീടുകളിലേക്കെത്തിപ്പെടും. അന്നേരം ആ മനുഷ്യർ എവിടെയാണോ ഉള്ളത് അവിടെ പോയി കണ്ട് കുറച്ചുനേരം അവരോടാപ്പം സമയം ചെലവിടുമ്പോഴാണ് ശരിക്കും നമ്മൾ അവർക്കൊപ്പം നിൽക്കുന്നത്. അത്തരം മനസ്സുള്ളവരാണ് ഏറെയും നമുക്ക് ചുറ്റുമുള്ളത് എന്നത് ചെറിയൊരു പ്രതീക്ഷയല്ല, ചെറിയൊരു ആശ്വാസമല്ല.
(കഥാകൃത്തും നോവലിസ്റ്റുമാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..