കോഴിക്കോട്
ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതി ആവിഷ്കരിച്ച് തട്ടിപ്പുസംഘം. കുടുംബത്തിന്റെ കഷ്ടപ്പാടും ദാരിദ്ര്യവും പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽനിന്ന് എട്ട് മാസംകൊണ്ട് തട്ടിയെടുത്തത് 4,08,80,457 രൂപ. രാജസ്ഥാനിലെ ദുംഗർപൂർ സ്വദേശി അമിത് ജെയിൻ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വാട്‌സാപ്പിലും ഫോണിലും ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് നഗരവാസിയുടെ സഹായമനസ്കതയെ ചൂഷണംചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോഴിക്കോട് സ്വദേശിയുടെ മകനാണ് പരാതി നൽകിയത്. സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് രീതി പുതിയതായതിനാൽ പ്രത്യേകമായി പരിശോധിച്ചാണ് അന്വേഷണം. പണം നൽകിയ അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തട്ടിപ്പിന്റെ ‘ദാരിദ്ര്യമുഖം’
കഴിഞ്ഞ ജനുവരിയിലാണ് കുടുംബം കടക്കെണിയിലാണെന്ന് പറഞ്ഞ് ഇയാൾ കോഴിക്കോട് സ്വദേശിയോട് സഹായം അഭ്യർഥിക്കുന്നത്. ഇരുവരും ഒരേ സമുദായമാണെന്നും തെറ്റിദ്ധരിപ്പിച്ചു. കഷ്ടതകേട്ട് പണം നൽകുകയായിരുന്നു. നിരന്തരം ഓരോ കഷ്ടപ്പാട് പറഞ്ഞ് പണം കൈപ്പറ്റി. പിന്നീടത് ഭീഷണിയായി. ദുംഗർപൂരിൽ പ്രതിയുടെ പേരിലുള്ള ഭൂമിയുണ്ടെന്നും കോഴിക്കോട് സ്വദേശി പണം നൽകാത്തതിനാൽ അത് വിൽക്കാൻ സാധിച്ചില്ലെന്നും പറഞ്ഞു. ഇക്കാരണംകൊണ്ട് പ്രദേശത്തുണ്ടായ സാമുദായിക സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും പ്രതിയുടെ സഹോദരി ആത്മഹത്യക്ക് ശ്രമിച്ചായും പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ കോഴിക്കോട് സ്വദേശിയുടെ പേരുണ്ടെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തയപ്പോഴെല്ലാം പണം നൽകി. ആഗസ്ത് അവസാനം സ്വർണം പണയപ്പെടുത്തി പ്രതിക്ക് പണം കൊടുക്കാൻ ശ്രമിച്ചത് മകൻ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..