17 September Tuesday

അനിശ്ചിതകാല സമരവുമായി സ്പെഷ്യൽ എഡ്യുക്കേറ്റർമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


തിരുവനന്തപുരം
കേരള റിസോഴ്‌സ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ സെക്രട്ടറിയറ്റിന്‌ മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്‌തു.

സമഗ്രശിക്ഷ കേരളയ്ക്കുള്ള അർഹമായ കേന്ദ്രവിഹിതം നൽകുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക,  സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ശമ്പളം സമയബന്ധിതമായി നൽകുക, സംസ്ഥാന വിഹിതം വർധിപ്പിക്കുക, സുപ്രീം കോടതി വിധി നടപ്പാക്കി പൊതുവിദ്യാലയങ്ങളിൽ തസ്‌തിക സൃഷ്ടിച്ച് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്താനുള്ള കേന്ദ്ര വിഹിതം അനുവദിക്കുക, എലമെന്ററി സെക്കൻഡറി വിഭാഗങ്ങൾക്ക് ഇഎസ്ഐ, ഇപിഎഫ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങി 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. വിവിധയിടങ്ങളിൽ നിന്നെത്തുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ഓരോ ദിവസവും അനിശ്ചിതകാല സമരത്തിന്റെ ഭാഗമാകും. ആവശ്യങ്ങൾ നേടിയെടുക്കുംവരെ  സത്യാഗ്രഹം തുടരുമെന്ന് ജനറൽ സെക്രട്ടറി കെ കെ വിനോദൻ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയായ സമഗ്രശിക്ഷ കേരളയാണ് പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കുട്ടികളെ പരിശീലിപ്പിക്കാൻ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നത്. ഓരോ വർഷവം കേന്ദ്രസർക്കാർ ശമ്പളം വെട്ടിക്കുറച്ചതാണ്‌ പ്രതിഷേധത്തിന്‌ വഴിവച്ചത്‌.
കെആർടിഎ സംസ്ഥാന പ്രസിഡന്റ്‌ ആർ സുനിത അധ്യക്ഷയായി. ജനറൽ സെക്രട്ടറി കെ കെ വിനോദൻ, ട്രഷറർ ബി ഗിരീശൻ,  സെക്രട്ടറി സജിൻ കുമാർ, കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എൻ എ അരുൺ കുമാർ, എൻജിഒ യൂണിയൻ പ്രതിനിധി ബിജുരാജ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top