22 November Friday

വെങ്ങോല പഞ്ചായത്ത് ; പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തമ്മിലടിച്ച് യുഡിഎഫ് ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


പെരുമ്പാവൂർ
വെങ്ങോല പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ ജനരോഷം ഉയരുന്ന വേളയിലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തർക്കം മുറുകുന്നു. നിലവിലുള്ള പ്രസിഡന്റ് ഷിഹാബ് പള്ളിക്കലിന്റെ കാലവധി ഡിസംബറിൽ തീരുകയാണ്. ധാരണപ്രകാരം അടുത്ത ഊഴം പി പി എൽദോസിനാണ്. ആറുമാസമാണ് ഭരിക്കാൻ സമയം ലഭിക്കുന്നത്. എന്നാല്‍, നിലവിലുള്ള പ്രസിഡന്റ് തുടരട്ടെയെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം വാദിക്കുന്നത്. ആദ്യത്തെ ഊഴത്തില്‍ പ്രസിഡന്റായിരുന്ന എൻ ബി ഹമീദിന് രണ്ടുവർഷവും പിന്നീട് വരുന്നവർക്ക് ഒന്നരവർഷംവീതവും എന്നായിരുന്നു കോൺഗ്രസിലെ ധാരണ. എന്നാൽ, എൻ ബി ഹമീദ് തർക്കം ഉന്നയിച്ച് ആറുമാസംകൂടി തുടര്‍ന്നതോടെ ഒടുവിലത്തെ ഊഴക്കാരന് ആറുമാസം നഷ്ടമായി.

പഞ്ചായത്തിൽ യുഡിഎഫ് ഒമ്പത്, 20 ട്വ​ന്റി എട്ട്, എൽഡിഎഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനില. ഇതിനിടെ 20 ട്വ​ന്റിയിലെ ഏതാനും അംഗങ്ങൾ യുഡിഎഫിന് അനുകൂലമായതും വിവാദമായി. പല അജൻഡകളിലും 20 ട്വ​ന്റി പിന്തുണയ്‌ക്കുന്നു. ഇതിനിടെ, ആരോപണവിധേയനായ പഞ്ചായത്ത് സെക്രട്ടറി സ്ഥലംമാറി പോകുന്നതിനുമുമ്പ് 18 അജൻഡകൾ കഴിഞ്ഞദിവസം ചർച്ചയ്ക്കുവച്ചതും യോഗത്തില്‍ ബഹളത്തിന് കാരണമായി. 21–--ാം വാർഡിൽ പുതിയ പ്ലൈവുഡ് ഫാക്ടറിക്ക് അനുമതി കൊടുക്കാനുള്ള അജൻഡവച്ചതിനെതിരെ നാട്ടുകാർ സംഘടിച്ച് പഞ്ചായത്ത് ഓഫീസിലെത്തിയതും ഭരണസമിതിയെ പ്രതിസന്ധിയിലാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top