22 November Friday

രാജനഗരിക്ക് ഇനി ആഘോഷനാളുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

അത്തച്ചമയാഘോഷത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ ഒരുങ്ങുന്ന അമ്യൂസ്മെന്റ് പാർക്ക്


തൃപ്പൂണിത്തുറ
ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക്‌ ആറിന് ഘോഷയാത്രയോടെ തുടക്കമാകും. ഘോഷയാത്രയുടെയും തുടർന്ന് 10 ദിവസത്തെ കലാപരിപാടികളുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അറിയിച്ചു.

ഗവ. ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ രാവിലെ 9.30ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കെ ബാബു എംഎൽഎ അധ്യക്ഷനാകും. തുടർന്ന് അത്തച്ചമയ ഘോഷയാത്രയിൽ 59 കലാസംഘങ്ങളിലായി ആയിരത്തോളം കലാകാരന്മാർ പങ്കെടുക്കും. പുരാതന, സമകാലിക വിഷയങ്ങൾ പ്രതിപാദിക്കുന്ന 15 നിശ്ചലദൃശ്യങ്ങൾ പൊലിമ കൂട്ടും. പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജങ്‌ഷൻ, വടക്കേക്കോട്ട, കോട്ടയ്ക്കകം, സ്റ്റാച്യു ജങ്‌ഷൻവഴി നഗരംചുറ്റി പകൽ മൂന്നോടെ ഘോഷയാത്ര അത്തംനഗറിൽ എത്തും. 10ന് സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും പകൽ മൂന്നുമുതൽ പൂക്കള പ്രദർശനവും നടക്കും. വൈകിട്ട് അഞ്ചിന് കേളി, ആറിന് അത്തംനഗറിൽ കലാസന്ധ്യ ഉദ്ഘാടനവും 7.30ന് തൊടുപുഴ ബീറ്റ്സിന്റെ ഗാനമേളയും നടക്കും.

വയനാട് ദുരന്ത പശ്ചാത്തലത്തിൽ, മെഗാ കലാപരിപാടികൾ ഒഴിവാക്കിയതായും ബാക്കിവരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നും ചെയർപേഴ്സൺ അറിയിച്ചു.വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, ജനറൽ കൺവീനർ കെ വി സാജു, ഘോഷയാത്ര സബ് കമ്മിറ്റി കൺവീനർ യു കെ പീതാംബരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കലാപരിപാടികളും
ട്രേഡ് ഫെയറും
ആറിന് അത്തച്ചമയ ഘോഷയാത്രയെ തുടർന്ന് ലായം കൂത്തമ്പലത്തിൽ കലാപരിപാടികൾക്കും ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ട്രേഡ് ഫെയറിനും തുടക്കമാകും.
29 വരെ നടക്കുന്ന ട്രേഡ് ഫെയറിൽ അമ്യൂസ്‌മെന്റ്‌ പാർക്ക്, ഗുണകേവ്, റോബോട്ടിക് അനിമൽ, മരണക്കിണർ, മിനി ട്രെയിൻ, ഹെലികോപ്റ്റർ, സ്കോർപിയോ കാർ തുടങ്ങി നിരവധി ആകർഷണങ്ങളുണ്ട്. വിവിധതരം ഭക്ഷണശാലകളും വിപണന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

അത്തംനാൾമുതൽ വൈകിട്ട് ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ നടക്കും. കളരിപ്പയറ്റ്, മാജിക് ഷോ, കാവ്യനൃത്താർച്ചന, സംഗീതക്കച്ചേരി, നാടൻപാട്ട്, കുറത്തിയാട്ടം, നൃത്തനൃത്യങ്ങൾ, മെഗാഷോ, കഥകളി, കൈകൊട്ടിക്കളി, വയലിൻ ഫ്യൂഷൻ, കലാവിരുന്ന്, ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം, നാടകം, ചിന്ത് പാട്ട്, സോപാനസംഗീതം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

13ന് വൈകിട്ട് നാലിന് സമ്മാനദാനം, 6.30ന് ജില്ലാ ടൂറിസം പ്രമോഷൻ ഓർഗനൈസിങ്‌ സൊസൈറ്റിയുടെ നൃത്ത സംഗീതനിശ. 14ന് ഉത്രാടംനാളിൽ രാവിലെ ഒമ്പതിന് അത്തപ്പതാകയുടെ തൃക്കാക്കരയിലേക്കുള്ള പ്രയാണം. പതാക കൈമാറൽ, 11ന് അമരഗാന സല്ലാപം, രാത്രി ഏഴിന് അയൺ ബ്രിഡ്ജിന്റെ ലൈവ് ഫ്യൂഷൻ വാദ്യ നൃത്ത സമന്വയം എന്നിവയുമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top