23 December Monday

പാപ്പനംകോട്‌ തീപിടിത്തം ; മരിച്ചത്‌ വൈഷ്‌ണയുടെ ഭർത്താവ്‌ , കൊലപാതക കാരണം കുടുംബവൈരാഗ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


തിരുവനന്തപുരം
പാപ്പനംകോട്‌ ഇൻഷുറൻസ്‌ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്‌ നരുവാമൂട്‌ സ്വദേശി വിനുകുമാറെ (45)ന്ന്‌ വ്യക്തമായി. തീപിടിത്തത്തിൽ കൊല്ലപ്പെട്ട ഓഫീസ്‌ ജീവനക്കാരി വൈഷ്‌ണയുടെ ഭർത്താവാണ്‌ വിനുകുമാർ. വൈഷ്‌ണയെ കൊല്ലാനായി വിനുകുമാർ സ്ഥാപനത്തിന്‌ തീയിട്ടതാകാമെന്നാണ്‌ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മരിച്ചത്‌ വിനുകുമാറാണെന്ന്‌ തിരിച്ചറിഞ്ഞത്‌. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാവൂവെന്ന്‌ പൊലീസ്‌ പറഞ്ഞു.

നരുവാമൂടുനിന്ന്‌ ഓട്ടോയിൽ കയറിയ വിനുകുമാർ കാരയ്ക്കാമണ്ഡപം ജങ്‌ഷനിലാണ്‌ ഇറങ്ങിയത്‌. അവിടെനിന്ന്‌ നടന്നാണ്‌ ഓഫീസിലേക്ക്‌ വന്നത്‌. ബാഗ്‌ പുറത്ത്‌ തൂക്കിയിരുന്നു. വിനുകുമാറിന്റെ സഹോദരിയുടെ വീടിന്റെ പെയിന്റിങ്‌ നടക്കുന്നുണ്ട്‌. പെയിന്ററായ വിനുകുമാർ അവിടെനിന്ന്‌ പെയിന്റിങ്‌ ജോലിക്ക്‌ ഉപയോഗിക്കുന്ന സാമഗ്രി കൊണ്ടുവന്ന്‌ തീയിട്ടുവെന്നാണ്‌ നിഗമനം. നരുവാമൂട്‌ ചെമ്മണ്ണിൽ മേലെ ശിവശക്തിയിൽ കേശവ പണിക്കരുടെയും സരോജിനിയുടെയും മകനാണ്‌ വിനുകുമാർ. മൃതദേഹം ഡിഎൻഎ പരിശോധനാഫലം വന്നശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും. സുഹൃത്തിന്റെ ഭാര്യയായിരുന്ന വൈഷ്‌ണയെ നാലുവർഷംമുമ്പാണ്‌ വിനുകുമാർ വിവാഹം ചെയ്‌തത്‌. കഴിഞ്ഞ ഒമ്പതുമാസമായി ഇരുവരും പിണക്കത്തിലായിരുന്നു.

നഗരത്തെ നടുക്കിയ തീപ്പിടിത്തം
തിരുവനന്തപുരം പാപ്പനംകോട്ട്‌ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ ജീവനക്കാരി പാപ്പനംകോട് ദിക്ക്ബലികളം റോഡ് ശിവപ്രസാദത്തിൽ വൈഷ്ണ(35)യാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാൾ വൈഷ്ണയുടെ ഭർത്താവ് നരുവാമൂട് സ്വദേശി ബിനുവാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോഴാണ് സമീപവാസികൾ ശ്രദ്ധിക്കുന്നത്. പാപ്പനംകോട് സിഗ്നലിനു സമീപത്തെ കെട്ടിടത്തിലെ ഒന്നാംനിലയിലെ ചെറിയ മുറിക്കുള്ളിലാണ് തീ പടർന്നത്. ശീതീകരിച്ച ഓഫീസിന്റെ കണ്ണാടിച്ചില്ലുകൾ പൊട്ടിത്തെറിച്ചു. പരിസരത്തുണ്ടായിരുന്നവരാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. ഇതിനാൽ സമീപത്തെ കടകളിലേക്കു തീ പടരുന്നത് ഒഴിവായി. ഇടുങ്ങിയ പടിക്കെട്ടും മുറിയുമായതിനാൽ തീ കെടുത്താൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കഷ്ടിച്ച് രണ്ട് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള ചെറിയ മുറിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും സാധനങ്ങളുമല്ലൊം കത്തിനശിച്ചു.

ഫൊറൻസിക് പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് ഒരു കത്തി കണ്ടെത്തി. മണ്ണെണ്ണപോലെ തീ കത്തിക്കുന്ന ഒരു ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തി. കത്തിയിൽ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല. ബിനുവും വൈഷ്ണയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ മൊഴികളുടെ അടിസ്ഥാനത്തിലെ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ.

കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് വൈഷ്ണ സഹോദരനെ വിളിച്ചു
ആറു മാസം മുൻപ്‌ വൈഷ്ണയുടെ ഭർത്താവ് ബിനു എജൻസി ഓഫീസിലെത്തി ബഹളം െവച്ചിരുന്നു. ഇതുസംബന്ധിച്ച് നേമം പോലീസിൽ പരാതി നൽകിയിരുന്നു. ബിനു വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുന്നതായി വൈഷ്ണ സഹോദരൻ വിഷ്ണുവിനെ സംഭവത്തിനു തൊട്ടുമുൻപ്‌ വിളിച്ചറിയിച്ചിരുന്നു. വിഷ്ണു എത്തുന്നതിനു മുൻപുതന്നെ എജൻസി ഓഫീസിൽ തീപ്പിടിത്തമുണ്ടായി. നേമം സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പാപ്പനംകോട് സ്വദേശി സെയിനുലാബ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏഴു വർഷമായി വൈഷ്ണ ഈ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.

നാലു വർഷം മുൻപ്‌ വൈഷ്ണ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീടാണ് ബിനുവിനെ വിവാഹംകഴിച്ചത്. ആദ്യവിവാഹത്തിൽ രണ്ടു മക്കളുണ്ട്. സുധകലയാണ് വൈഷ്ണയുടെ അമ്മ. മക്കൾ: ദേവദേവ്, വർഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top