സ്വന്തം ലേഖകൻകൊച്ചി
കൊച്ചിയുടെ കായികസ്വപ്‌നങ്ങൾക്ക് കളിത്തട്ടൊരുക്കിയ അംബേദ്‌കർ സ്‌റ്റേഡിയം മുഖംമിനുക്കുന്നു. കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് വർഷങ്ങളായി ജീർണാവസ്ഥയിലുള്ള സ്‌റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കുകയാണ് ജിസിഡിഎ. അമ്പതാണ്ടിലേറെ പഴക്കമുള്ള സ്‌റ്റേഡിയത്തിന്റെ നവീകരണം തുടങ്ങി. സച്ചിൻ ടെൻഡുൽക്കർമുതൽ ഐ എം വിജയൻവരെ ആവേശംനിറച്ച ഗ്യാലറിയുടെ ഒരുഭാഗം പൊളിച്ചുനീക്കി.
കായികപ്രേമികളുടെ ദീർഘകാല ആവശ്യം സാക്ഷാൽക്കരിച്ച് എഴുപതുകളുടെ ആദ്യമാണ് നഗരസഭ സ്‌റ്റേഡിയം നിർമിച്ചത്. ഏഴേക്കറിലുള്ള സ്‌റ്റേഡിയം അതിവേഗം കൊച്ചിയുടെ മുഖമായി. കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട കാൽപ്പന്തുകളിക്കാരെല്ലാം ഇവിടെ പന്തുതട്ടി. ക്യാപ്‌റ്റൻ മണി, സി സി ജേക്കബ്, എം എം ജേക്കബ്, ടി എ ജാഫർ, അപ്പുക്കുട്ടൻ, പി പി തോബിയാസ്, പി പി സാജൻ, വി പി സത്യൻ, സി വി പാപ്പച്ചൻ, ഐ എം വിജയൻ, കുരികേശ് മാത്യു, ജോപോൾ അഞ്ചേരി തുടങ്ങിയവർ മൈതാനത്ത് കളിച്ചുമുന്നേറി. കെഎഫ്‌എയുടെ സംസ്ഥാന–- ജില്ലാ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ, ദേശീയ ക്ലബ് ഫുട്‌ബോൾ മത്സരങ്ങൾ, പ്രാദേശിക ടൂർണമെന്റുകൾ എന്നിവ അരങ്ങേറി. വോളിബോൾ, ഹോക്കി, അത്‌ലറ്റിക്‌സ്, അമ്പെയ്‌ത്ത് ദേശീയ ചാമ്പ്യൻഷിപ് ഉൾപ്പെടെ ആരവമുയർത്തി.
1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയശേഷം, നായകൻ കപിൽദേവിന്റെ നേതൃത്വത്തിലുള്ള ടീം അംബേദ്‌കർ മൈതാനത്ത് കേരള ടീമുമായി സൗഹൃദ മത്സരത്തിനിറങ്ങിയിരുന്നു. തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് പുറത്തും കായികപ്രേമികൾ ഒത്തുകൂടിയ അപൂർവമത്സരത്തിൽ കപിൽദേവ് ഉയർത്തിയടിച്ച പന്ത് സ്‌റ്റേഡിയം കടന്ന് ലൂസിയ ഹോട്ടലിനുമുന്നിൽ പതിച്ചത് ക്രിക്കറ്റ്‌സ്‌നേഹികളുടെ മനസ്സിൽ ഇന്നും മായാതെകിടക്കുന്നു. 16 വയസ്സുമാത്രമുണ്ടായിരുന്ന സച്ചിൻ ടെൻഡുൽക്കറും ഇവിടെ ബാറ്റ് വീശി.
നിരവധി പൊതുപരിപാടികളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കുശേഷം ഇന്ധിരാഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കൾ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്. കോർപറേഷനാണ് സ്‌റ്റേഡിയം നിർമാണം ആരംഭിച്ചത്. പിന്നീട്, ജിസിഡിഎ ഏറ്റെടുത്തു. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ് അംബേദ്‌കർ സ്‌റ്റേഡിയമെന്ന് പേരിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..