22 December Sunday

ബ്രഹ്മപുരം സിബിജി 
പ്ലാന്റ്‌ ; നിർമാണത്തിലും 
റെക്കോഡ്‌ വേഗം

എം എസ് അശോകൻUpdated: Friday Oct 4, 2024


കൊച്ചി
അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട്‌ ബ്രഹ്മപുരത്തെ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ (സിബിജി) പ്ലാന്റിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ നിർമാണമാരംഭിച്ച പ്ലാന്റ്‌ 2025 ഫെബ്രുവരിയോടെ പ്രവർത്തനമാരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. കൊച്ചി കോർപറേഷനിലെ ഭക്ഷ്യമാലിന്യം സംസ്‌കരിച്ച്‌ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ്‌ ബിപിസിഎൽ കൊച്ചിൻ റിഫൈനറിയാണ്‌ നിർമിക്കുന്നത്‌.

ബ്രഹ്മപുരം പ്ലാന്റിന്റെ കൊച്ചിൻ റിഫൈനറിയോടുചേർന്നുള്ള പത്തേക്കർ സ്ഥലത്താണ്‌ പ്ലാന്റ്‌ ഉയരുന്നത്‌. പ്ലാന്റിന്റെ രണ്ട്‌ പ്രധാന സംസ്‌കരണ ടാങ്കുകളുടെ നിർമാണമാണ്‌ നടക്കുന്നത്‌. ഭൂമിക്കടിയിലുള്ള ഭാഗത്തിന്റെ നിർമാണം പൂർത്തിയായി. 7000 മെട്രിക്‌ ക്യൂബ്‌ ശേഷിയുള്ള ഈ രണ്ടു ടാങ്കുകളിലാണ്‌ വേർതിരിച്ച മാലിന്യം ബയോഗ്യാസ്‌ ഉൽപ്പാദനത്തിനായി സൂക്ഷിക്കുന്നത്‌. ഹൈഡ്രജൻ സൾഫൈഡ്‌, കാർബൺ ഡൈ ഓക്‌സൈഡ്‌ വാതകങ്ങൾ വേർതിരിച്ച്‌ ബയോഗ്യാസ്‌ ഉൽപ്പാദിപ്പിച്ചശേഷം ബാക്കിയാകുന്ന വെള്ളവും ദ്രവരൂപത്തിലുള്ള വളവും സംഭരിക്കുന്ന ടാങ്കുകളും നിർമാണത്തിലാണ്‌. 

ബയോഗ്യാസ്‌ പൈപ്പ്‌ലൈൻ, സുരക്ഷയ്ക്ക്‌ സ്‌കാഡ അലർട്ട്‌ സംവിധാനം, കൺട്രോൾ റൂം, അഗ്നി രക്ഷാസംവിധാനങ്ങൾ, വാർത്താവിനിമയ സംവിധാനം, സിസിടിവികൾ എന്നിവയും അഞ്ചുമാസത്തിനുള്ളിൽ സജ്ജമാകും. പഞ്ചാബ്‌ കേന്ദ്രമായ സെന്റർ ഫോർ എൻട്രപ്രണർഷിപ് ആൻഡ്‌ ഇൻഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റിനാണ്‌ (സിഇഐഡി) നിർമാണച്ചുമതല. ദിവസം 150 ടൺ ഭക്ഷ്യമാലിന്യം സംസ്കരിച്ച്‌ ബയോഗ്യാസ്‌ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്‌ 80 കോടി രൂപ നിർമാണച്ചെലവ്‌ പ്രതീക്ഷിക്കുന്നു. ദിവസവും 5.6 ടൺ ബയോഗ്യാസും 28 ടൺ വളവും ഉൽപ്പാദിപ്പിക്കാം.

ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം നിർദേശിക്കപ്പെട്ട പദ്ധതി റെക്കോഡ്‌ വേഗത്തിലാണ്‌ നിർമാണഘട്ടത്തിലേക്ക്‌ എത്തിയത്‌. കൊച്ചിൻ റിഫൈനറിയുടെ 100 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ബിപിസിഎൽ ബോർഡ്‌ യോഗം അനുമതി നൽകിയ പദ്ധതിയാണിത്‌. 2023 നവംബർ 23ന്‌ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച പദ്ധതിക്ക്‌ 24 മണിക്കൂറിനകമാണ്‌ കമ്പനി ബോർഡ്‌ യോഗം അംഗീകാരം നൽകിയത്‌. 2023 ഡിസംബറിൽ ഡിപിആർ തയ്യാറായി. കഴിഞ്ഞ മാർച്ച്‌ 16ന്‌ നിർമാണക്കരാർ നൽകി. കോർപറേഷൻ ഭൂമി കൈമാറുന്നതിലെ സാങ്കേതിക തടസ്സം സർക്കാർ ഇടപെട്ട്‌ അതിവേഗം പരിഹരിച്ചു. ഇതിനിടെ സ്ഥലത്തെ മാലിന്യക്കൂനകൾ നീക്കി ഭൂമിയൊരുക്കലും റോഡ്‌ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കലും ആരംഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top