14 October Monday

അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


കൊച്ചി
അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോ ഫിഷ്) കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർഥികളുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു. അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ 17നാണ് സംഗമം.

വലിയ സ്രാവുകളുടെ ഗണത്തിൽപ്പെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്‌കൂൾതലംമുതൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.

അറക്കവാൾപോലെ നീണ്ട തലഭാഗമുള്ള ഇവയ്‌ക്ക്‌ അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ കടലുകളിൽ കണ്ടുവരുന്നത്. മറ്റു മൂന്നിനങ്ങൾക്ക്‌ ഇന്ത്യയിൽ വംശനാശഭീഷണി സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനമാണ് സിഎംഎഫ്ആർഐയുടേതടക്കം വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. താൽപ്പര്യമുള്ളവർ ffdnews24@gmail.com എന്ന ഇ–-മെയിൽവഴി 11 വരെ രജിസ്റ്റർ ചെയ്യണം. ഫോൺ: 80891 81185.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top