കൊച്ചി
മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരായ മകൾ ആശയുടെ അപ്പീലിൽ വിമർശവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മരിച്ചവരോട് ആദരം കാണിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. വിഷയം കോടതിയിൽ എത്തിച്ചത് ഔചിത്യമില്ലായ്മയാണ്. ഇത് കുടുംബപ്രശ്നമല്ലേയെന്നും തമ്മിൽ ചർച്ചചെയ്ത് രമ്യമായി പരിഹരിച്ചുകൂടേയെന്നും കോടതി ആരാഞ്ഞു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് മകൾ ആശ സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ മുതിർന്ന അഭിഭാഷകൻ എൻ എൻ സുഗുണപാലനെ നിയോഗിച്ചു. റിപ്പോർട്ടിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
നിലവിൽ ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് മകൻ എം എൽ സജീവനോട് മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് ലോറൻസ് പറഞ്ഞത് എന്നതടക്കം കണക്കിലെടുത്തായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വസ്തുതകൾ പരിഗണിക്കാതെയാണ് ഉത്തരവെന്നും മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ വിട്ടുനൽകണമെന്നുമായിരുന്നു ആശയുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..