05 December Thursday

മുളന്തുരുത്തി ബാങ്കിലെ കോൺഗ്രസ്‌ തട്ടിപ്പ്‌ ; എൽഡിഎഫ്‌ സമരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024


മുളന്തുരുത്തി
മുളന്തുരുത്തി സഹകരണ ബാങ്കിൽ കോൺഗ്രസ് നേതാക്കൾ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭം ആരംഭിക്കുന്നു. കോൺഗ്രസ് നേതാവും മുൻ ബാങ്ക് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രഞ്ജി കുര്യൻ ഒരേ ഭൂമി പണയപ്പെടുത്തി ബിനാമി പേരുകളിൽ പത്തുകോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ഓട്ടോറിക്ഷ തൊഴിലാളികളും കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകരുമായ 11 പേരാണ്‌ പൊലീസിൽ പരാതി നൽകിയത്‌. ഇവർ അറിയാതെ ഇവരുടെ പേരിൽ വായ്പ എടുത്തുവെന്നാണ്‌ പരാതി. രഞ്ജി കുര്യന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള രണ്ടിടത്തെ ഭൂമി ഈട് നൽകിയാണ് വായ്പ എടുത്തത്. 20 ലക്ഷം രൂപവരെയാണ് ബാങ്കിന്റെ വായ്പ പരിധി. വായ്പ തുകയും പലിശയും അടക്കം വൻ തുക കുടിശ്ശിയായതിനെ തുടർന്ന് ബാങ്ക് നടപടിയിലേക്ക് കടന്നതോടെയാണ് 11 പേരും ബാങ്കിനും ഡയറക്ടർ ബോർഡിനുമെതിരെ പൊലീസിൽ പരാതി നൽകിയത്.

വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ രഞ്ജി കുര്യനെ കൂടാതെ കെപിസിസി വൈസ് പ്രസിഡന്റ്‌ വി ജെ പൗലോസും തട്ടിപ്പുകാലയളവിൽ പ്രസിഡന്റിന്റെ ചുമതല വഹിച്ചിട്ടുണ്ട്.തട്ടിപ്പിന് കൂട്ടുനിന്ന  ഭരണസമിതി അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. ആറിന്‌ വൈകിട്ട് അഞ്ചിന് പള്ളിത്താഴത്ത് എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ പി ഡി രമേശൻ, ടോമി വർഗീസ്, ഒ എ മണി, ജിബി ഏലിയാസ്, ദുർഗ പ്രസാദ്, പി എൻ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top