തിരുവനന്തപുരം
രാഹുൽ ഗാന്ധി പത്രിക നൽകാനെത്തിയ ദിവസം കോഴിക്കോട‌് മണ്ഡലത്തിലെ കോൺഗ്രസ‌് സ്ഥാനാർഥി എം കെ രാഘവൻ അഞ്ചുകോടി കോഴവാഗ‌്ദാനത്തിൽ കുടുങ്ങിയത‌് യുഡിഎഫ‌് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഹിന്ദി വാർത്താചാനൽ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളെ പ്രതിരോധിക്കാൻപോലും കഴിയാതെ കോൺഗ്രസ‌്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിലെത്തിനിൽക്കെ കോൺഗ്രസ‌് സ്ഥാനാർഥിക്കെതിരെ ഉയർന്ന കോഴവാഗ‌്ദാനം യുഡിഎഫിനെ പ്രതികൂട്ടിലാക്കി.
രാഹുൽ ഗാന്ധിയുടെ വരവ‌് സൃഷ്ടിച്ച ആരവത്തിൽനിന്ന‌് കോഴവാഗ‌്ദാനത്തിന്റെ പ്രതിക്കൂട്ടിലേക്ക‌് നീങ്ങേണ്ടിവന്നത‌് യുഡിഎഫിന‌് കനത്ത ആഘാതമായി. ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ നിഷേധിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ‌് എം കെ രാഘവൻ. തെരഞ്ഞെടുപ്പ‌് പോരാട്ടം കൂടുതൽ കടുപ്പമേറിയതാകുമെന്നും വ്യക്തമായി. വയനാട്ടിൽ പത്രിക സമർപ്പിച്ച‌് കോൺഗ്രസ‌് അധ്യക്ഷൻ മടങ്ങിയെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുകയാണ‌്. രാഹുലിന്റെ വരവ‌് വയനാട‌് മണ്ഡലത്തിൽമാത്രമേ കാര്യമായ ചലനം സൃഷ്ടിച്ചിട്ടുള്ളൂവെന്നാണ‌് കോൺഗ്രസ‌് നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലാകെ തരംഗമുണ്ടാക്കാമെന്ന കണക്കുകൂട്ടലും തെറ്റുമെന്ന ഭയപ്പാടിലാണ‌് നേതൃത്വം.
പ്രചാരണത്തിൽ സിപിഐ എമ്മിനെതിരെ ഒന്നും പറയില്ലെന്ന‌് രാഹുൽ ഗാന്ധി പറഞ്ഞത‌് തെരഞ്ഞെടുപ്പിൽ ഉയർന്ന രാഷ്ട്രീയ വിഷയങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ‌്. മുഖ്യശത്രുവിനെ വിട്ട‌് ഇടതുപക്ഷത്തിനെതിരെ മത്സരരംഗത്ത‌് വന്നതിലെ സന്ദേശം എന്തെന്ന ചോദ്യത്തിന‌് മറുപടിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത‌്. പക്ഷേ, അതിൽനിന്ന‌് തടിതപ്പാനുള്ള തന്ത്രമാണ‌് രാഹുൽ പുറത്തെടുത്തത‌്. സിപിഐ എമ്മിനെ വിമർശിക്കില്ലെന്ന നിലപാട‌് അദ്ദേഹത്തിന്റെയും നെഹ‌്റുകുടുംബത്തിന്റെയും മഹത്വവും മാന്യതയുമാണെന്നാണ‌് ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രതികരിച്ചത‌്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരെ വാതോരാതെ ആക്ഷേപം ചൊരിയുന്ന ചെന്നിത്തലയ‌്ക്കും ഉമ്മൻചാണ്ടിക്കും മാന്യതയില്ലെന്ന‌് ഇരുവരും പ്രസ‌്താവനയിലൂടെ സമ്മതിച്ചു. കേരളത്തിൽ സ്ഥാനാർഥിയായി എത്തിയ കോൺഗ്രസ‌് അധ്യക്ഷനെതിരെ വിമർശം തുടരുമെന്ന‌് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..