16 September Monday

പൊങ്കാലക്കല്ലിൽ ഉയരുന്നു നസീമയുടെ സ്വപ്‌നം

സ്വന്തം ലേഖികUpdated: Tuesday Sep 5, 2023

ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷം തിരുവനന്തപുരം കോര്‍പറേഷൻ ശേഖരിച്ച ഇഷ്ടികകള്‍ ഉപയോ​ഗിച്ച് നിര്‍മിക്കുന്ന വീടിനകത്ത് നസീമ ഫോട്ടോ: -മിഥുന്‍ അനില മിത്രൻ


തിരുവനന്തപുരം
"ഉണ്ടായിരുന്നൊരു കൂര ഇടിയാറായപ്പോഴാണ് കോർപറേഷനിൽ ലൈഫ് വീടിന്‌ അപേക്ഷിച്ചതും കിട്ടിയതും. മകളുടെയും മരുമകന്റെയും തുച്ഛവരുമാനത്തിൽ പണിതീർക്കാൻ ബുദ്ധിമുട്ടി. അപ്പോഴാണ്‌ ആറ്റുകാൽ പൊങ്കാലയ്ക്ക്‌ ഉപയോഗിച്ച 8000 ഇഷ്ടിക കോർപറേഷൻ വഴി കിട്ടിയത്. അതുകൊണ്ടാണ് വീട് നിർമാണം ഇത്രയുമെത്തിച്ചത്’–- ആനയറ കെഎൻആർഎ27–-ാം നമ്പർ വീടിന്റെ മുറ്റത്തുനിന്ന് എസ് നസീമ പറഞ്ഞു. ഇതുവരെ 1,20,000 രൂപ ലൈഫ് മിഷനിൽനിന്ന് ലഭിച്ചു. ബാക്കി തുക ലഭിക്കുന്നതോടെ പണി പൂർത്തിയാകും. കോർപറേഷനിൽനിന്ന് കിട്ടിയ ഇഷ്ടികയിൽ ചിലത് മഴയത്ത് പൊടിഞ്ഞിരുന്നു. അത്‌ നിലമുറപ്പിക്കാൻ ഉപയോഗിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം കോർപറേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ഇഷ്‌ടിക 22 കുടുംബങ്ങൾക്കാണ് നൽകിയത്‌. ഇതിൽ ഏഴ്‌ പേരുടെ വീട് പൂർത്തിയായി. മറ്റുള്ളവ പൂർത്തീകരണ ഘട്ടത്തിലാണ്. 600 സ്ക്വയർ ഫീറ്റ് വീടിന് കുറഞ്ഞത് 8000 ഇഷ്ടികയെന്ന കണക്കിലാണ് വിതരണം ചെയ്തത്.
പദ്ധതിയെ 
വികലമാക്കാൻ ശ്രമം

2018 മുതൽ കോർപറേഷൻ സദുദ്ദേശ്യത്തോടെ ചെയ്തുവരുന്ന പദ്ധതി വികലമാക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ ചില മാധ്യമങ്ങൾ നടത്തുന്നതെന്ന്‌ കോർപറേഷൻ പ്രസ്‌താവനയിൽ വ്യക്തമാക്കി. പൊങ്കാല കഴിഞ്ഞ്‌ മൂന്നുദിവസത്തിനകം ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ്‌ ഇഷ്ടിക ശേഖരിച്ചത്‌. ഇതിനായി ഒരു തുകയും ചെലവഴിച്ചിട്ടില്ല. രണ്ട് ലക്ഷം ഇഷ്ടികയാണ് പുത്തരിക്കണ്ടത്ത് കോർപറേഷൻ ശേഖരിച്ചത്. പൊട്ടിപ്പോയതിനെ തുടർന്നുള്ള ഇഷ്‌ടികകളാണ്‌ ഇനി അവശേഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top