22 December Sunday

നിവിൻ പോളിക്കെതിരായ കേസ്‌: 
പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കൊച്ചി
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ നേര്യമംഗലം സ്വദേശിനിയുടെ രഹസ്യമൊഴി അന്വേഷകസംഘം ഉടൻ രേഖപ്പെടുത്തും. നടൻ അലൻസിയറിന്‌ എതിരെയുള്ള ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ യുവനടിയുടെ രഹസ്യമൊഴിയും അടുത്തദിവസം രേഖപ്പെടുത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ ഉയർന്ന ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ യോഗത്തിലാണ്‌ തീരുമാനം.

തീരദേശ പൊലീസ്‌ ആസ്ഥാനത്ത്‌ ചേർന്ന യോഗത്തിൽ എഡിജിപി എച്ച്‌ വെങ്കിടേഷ്‌, ഡിഐജി അജിത ബീഗം, കോസ്‌റ്റൽ എഐജി ജി പൂങ്കുഴലി തുടങ്ങിയവർ പങ്കെടുത്തു. ഇതുവരെയുള്ള അന്വേഷണ പുരോഗതി അവലോകനം ചെയ്‌തു. വരുംദിവസങ്ങളിൽ കൂടുതൽപേരുടെ മൊഴി രേഖപ്പെടുത്തും. നടന്മാരായ മുകേഷ്, ഇടവേള ബാബു, ലോയേഴ്‌സ്‌ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. വി എസ് ചന്ദ്രശേഖരൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച വിധി പറയും. നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ പരാതി ഹൈക്കോടതി 12ന്‌ പരിഗണിക്കും. ഇതിനുശേഷം ഇവർക്ക്‌ എതിരെയുള്ള നിയമനടപടികളെക്കുറിച്ച്‌ ആലോചിക്കാനാണ്‌ യോഗ തീരുമാനം.

തെളിവുകൾ കൈവശമില്ലെന്ന്‌ പരാതിക്കാരി
ലൈംഗികാതിക്രമ പരാതി കേസിൽ നടൻ നിവിൻ പോളിക്കെതിരെ തെളിവുകൾ കൈവശമില്ലെന്ന്‌ പരാതി നൽകിയ നേര്യമംഗലം സ്വദേശിനി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. സംഭവസമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ നിവിൻ പോളിയുടെ കൈവശമാണ്‌. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്തുവന്നതെന്നും പരാതിക്കാരി അവകാശപ്പെട്ടു. പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നു. മൂന്നുദിവസം ദുബായിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചു. മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം. കുടുംബത്തെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top