22 December Sunday

ഓണച്ചന്തകൾ ഒരുങ്ങി

സ്വന്തം ലേഖികUpdated: Thursday Sep 5, 2024


കൊച്ചി
ഓണക്കാലം സുഭിക്ഷമാക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു. വിപണിയിലെ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ സജീവമാകുകയാണ്‌. സപ്ലൈകോ, കൺസ്യൂമർഫെഡ്‌, കുടുംബശ്രീ ഓണച്ചന്തകൾ അടുത്ത ദിവസങ്ങളിൽ ജില്ലയിലാകെ ആരംഭിക്കും. കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ഇവിടെനിന്ന്‌ വാങ്ങാം.

സപ്ലൈകോ ഓണം മേള നാളെമുതൽ
സപ്ലൈകോ ഓണം മേള മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ വെള്ളി രാത്രി 7.30ന്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. 13 സബ്സിഡി ഇനങ്ങളും പച്ചക്കറി, മിൽമ കൗണ്ടറുകളും ഫെയറിലുണ്ടാകും. നെയ്യ്, തേൻ, കറിമസാലകൾ, സോപ്പുപൊടികൾ തുടങ്ങിയവയ്‌ക്ക്‌ 45 ശതമാനംവരെ വിലക്കുറവുണ്ടാകും. ശബരിയുടെ ആറ് ഉൽപ്പന്നങ്ങളടങ്ങിയ 255 രൂപ വരുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് 189 രൂപയ്ക്ക് ലഭിക്കും. 14 വരെ രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ കേന്ദ്രം പ്രവർത്തിക്കും.

"പ്രത്യേക വിലക്കിഴിവ്‌'
സപ്ലൈകോയുടെ സൂപ്പർമാർക്കറ്റുകളിലും ഓണം മേളയിലും പ്രത്യേക ഓഫറുകളുമായി പകൽ രണ്ടുമുതൽ നാലുവരെ പ്രത്യേക വിലക്കിഴിവുണ്ടാകും. വിവിധ സബ്സിഡി ഇതര സാധനങ്ങൾ നിലവിലെ വിലക്കുറവിനു പുറമെ ഈ മണിക്കൂറുകളിൽ 10 ശതമാനം കുറഞ്ഞവിലയ്‌ക്ക്‌ ലഭിക്കും. എംആർപിയെക്കാൾ 50 ശതമാനംവരെ വില കുറയും.

142 ഓണച്ചന്ത 
ഒരുക്കി കൺസ്യൂമർഫെഡ്
ജില്ലയിൽ 142 ഓണച്ചന്തകളാണ്‌ കൺസ്യൂമർഫെഡ്‌ ഒരുക്കുന്നത്‌. സഹകരണ സംഘങ്ങൾവഴി 126 എണ്ണവും ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി 16 എണ്ണവും. റേഷൻ കാർഡുമായെത്തി 13 നിത്യോപയോഗസാധനങ്ങൾ പൊതുമാർക്കറ്റിനെക്കാൾ 30 മുതൽ 50 ശതമാനംവരെ സബ്‌സിഡിയോടെ വാങ്ങാം. മറ്റു നിത്യോപയോഗസാധനങ്ങൾക്ക്‌ 10 മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ടാകും. ഓണച്ചന്തകളുടെ ജില്ലാ ഉദ്‌ഘാടനം ആമ്പല്ലൂർ ജനത സഹകരണ ബാങ്കിന്റെ മില്ലുങ്കൽ നീതി സ്റ്റോറിൽ ശനി രാവിലെ 9.30ന്‌ അനൂപ്‌ ജേക്കബ്‌ എംഎൽഎ നിർവഹിക്കും.

കുടുംബശ്രീ 
ഓണച്ചന്തകൾ 
11 മുതൽ
പച്ചക്കറിമുതൽ പൂക്കൾവരെ ഒരുക്കി കുടുംബശ്രീയുടെ ഓണച്ചന്തകൾ 11ന്‌ തുടങ്ങും. 102 സിഡിഎസുകളിലായി ഇരുനൂറിലധികം ഓണച്ചന്തകളാണ്‌ തയ്യാറാകുന്നത്‌. ധാന്യപ്പൊടി, ഭക്ഷ്യോൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ, അംഗങ്ങൾ കൃഷിചെയ്ത ചെണ്ടുമല്ലി, വാടാമല്ലി, മുല്ല തുടങ്ങിയ പൂക്കൾ എന്നിവയെല്ലാം ന്യായമായ വിലയിൽ ലഭിക്കും. 82 ഗ്രാമീണ സിഡിഎസുകളിൽ രണ്ടുവീതം ചന്തകളുണ്ടാകും. ജില്ലാ വിപണനമേളയും ഒരുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top