മൂവാറ്റുപുഴ
ഹുസൈൻ മാസ്റ്ററും മകൾ ഫൗസിയയും ഒരേ ക്ലാസിലെ വിദ്യാർഥികളാകുന്നു. പേഴയ്‌ക്കാപ്പിള്ളി പള്ളിച്ചിറങ്ങര പെരുമ്പാട്ട് പി എച്ച് ഹുസൈനാണ് മകൾ പി എച്ച് ഫൗസിയക്കൊപ്പം മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എഡ്യുക്കേഷനിൽ ഈ വർഷം എംഎഡിന് ചേർന്നത്.
1991ൽ വളാഞ്ചേരി മർകസ് ഹൈസ്കൂളിലാണ് ഹുസൈൻ അധ്യാപക ജോലി തുടങ്ങിയത്. 1995ൽ സർക്കാർ സ്കൂളിൽ അധ്യാപകനായി. 2004 വരെ മലപ്പുറത്തെ സ്കൂളുകളിലും 2004 മുതൽ കഴിഞ്ഞ മെയ് 31 വരെ എറണാകുളത്തെ വിവിധ സ്കൂളുകളിലും സേവനമനുഷ്‌ഠിച്ചു. ചെറുവട്ടൂർ ഗവ. ടിടിഐയിൽനിന്ന് വിരമിച്ചശേഷമാണ് എംഎഡിന് അപേക്ഷിച്ചത്. ഇംഗ്ലീഷ്, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബിഎഡ്, സെറ്റ് എന്നിവയുമുള്ള ഹുസൈൻ എംഎഡ് പഠനത്തിന് രണ്ടാമത്തെ മകളായ ഫൗസിയയ്ക്കൊപ്പം അപേക്ഷിച്ചത്. ഫൗസിയ എംഎസ്‌സി, ബിഎഡ് എന്നിവയ്‌ക്കുശേഷമാണ് എംഎഡിന് ചേർന്നത്. ഹുസൈന്റെ ഭാര്യ റഹിമ ബീവി പായിപ്ര ഗവ. യുപി സ്കൂൾ പ്രധാനാധ്യാപികയാണ്. മൂത്തമകൾ പി എച്ച് ഫാരിസ ബിഎസ്‌സി, ബിഎഡ് കഴിഞ്ഞു. മകൻ അദ്നാൻ ഹുസൈൻ കോതമംഗലം എംഎ എൻജിനിയറിങ് കോളേജ് ബിടെക് വിദ്യാർഥിയാണ്. ചേലക്കുളം വെങ്ങോല പഞ്ചായത്തിലെ ക്ലർക്ക് ചേലക്കുളം വെള്ളേക്കാട്ട് ജാസിറാണ് ഫൗസിയയുടെ ഭർത്താവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..