22 December Sunday
പി എൻ പണിക്കർ പുരസ്‌കാരം ഇയ്യങ്കോടിന്‌ സമ്മാനിച്ചു

സാംസ്‌കാരിക പ്രവർത്തനം ഏറ്റവും
 അനിവാര്യമായ കാലം : എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


പാലക്കാട്‌
സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി എൻ പണിക്കർ പുരസ്‌കാരം സാഹിത്യകാരൻ ഇയ്യങ്കോട് ശ്രീധരന് സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രന്ഥശാല പ്രസ്ഥാനം സമൂഹത്തിന്റെ നവോത്ഥാന പ്രസ്ഥാനമായി മാത്രമല്ല, രാഷ്‌ട്രീയമായ മഹത്തായ ലക്ഷ്യങ്ങൾ കൂടി ഉൾച്ചേർന്നതാണെന്ന്‌ എം എ ബേബി പറഞ്ഞു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ  സാംസ്‌കാരിക ഇടപെടലുകൾ അനിവാര്യമായ കാലമാണിത്‌. സാമ്രാജ്യത്വത്തെ എതിർത്ത സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പമാണ്‌ ഗ്രന്ഥശാല പ്രസ്ഥാനം വളർന്നത്‌. ഗ്രന്ഥശാല പ്രവർത്തനവും ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്‌. എന്നാൽ രാഷ്‌ട്രീയം മോശമാണെന്ന്‌ വരുത്തുന്ന പലതും ഇന്നുണ്ടാവുന്നു. എന്നാൽ മോശമാണെന്ന്‌ കേൾപ്പിക്കാത്ത ഒരു മേഖലപോലുമില്ലെന്നതാണ്‌ വസ്‌തുത. സിനിമ മേഖലയിലും പലതും കേൾക്കാനിടയായി.

 

സ്‌ത്രീ സ്വാതന്ത്ര്യം എന്ന ആശയം ഏറ്റവും ശക്തമായി അവതരിപ്പിക്കപ്പെട്ടത്‌ ബഷീറിന്റെ പ്രേമലേഖനത്തിലാണ്‌. വായന നമ്മെ കൊച്ചുലോകത്തുനിന്ന്‌ വലിയ ലോകത്തേക്ക്‌ നയിക്കുന്നു.  ഇന്നത്തെ കാലത്ത്‌ ആഴവും പരപ്പും സാധ്യമാകാത്ത തരത്തിൽ യുവജനതയെ പാകപ്പെടുത്താൻ കോർപറേറ്റ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നു. എന്നാൽ  കാലം മാറുന്നതിന്‌ അനുസരിച്ച്‌ മാറ്റങ്ങളോടെ വായന നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഇയ്യങ്കോട് രചിച്ച ‘ഓർമകളിൽ സ്നേഹാദരം' പുസ്തകം പാലക്കാട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾക്ക് നൽകി എം എ ബേബി പ്രകാശിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ്‌ ബീന ആർ ചന്ദ്രനെ അനുമോദിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവംഗങ്ങളായ ടി കെ ജി നായർ, പ്രമോദ്‌ ദാസ്‌, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി കെ നാരായണദാസ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതിയംഗം വി കെ ജയപ്രകാശ്‌ സ്വാഗതവും ജില്ലാസെക്രട്ടറി പി എൻ മോഹനൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top