23 November Saturday

ജലമെട്രോ അപകടം : സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


കൊച്ചി
ഫോർട്ട്‌ കൊച്ചിയിൽ ജലമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച സംഭവത്തിൽ കൂടുതൽ പരിശോധനകൾക്ക്‌ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്‌ (കെഡബ്ല്യുഎംഎൽ). അപകടത്തിന്റെ കാരണങ്ങളും യാത്രികർ പരിഭ്രാന്തരാകാനിടയായ സാഹചര്യവും ജീവനക്കാരുടെ അടിയന്തര ഇടപെടലിൽ വീഴ്‌ചയോ തടസ്സമോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. അപകടം ആവർത്തിക്കാതിരിക്കാൻ തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്താനും ആലോചിക്കുന്നതായി വാട്ടർ മെട്രോ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ സാജൻ കെ ജോൺ പറഞ്ഞു.

ഒന്നരവർഷത്തെ പ്രവർത്തനത്തിനിടെ ആദ്യമായുണ്ടായ അപകടം അധികൃതരെയും ഞെട്ടിച്ചു. ഇരുബോട്ടിലെയും ജീവനക്കാരോട്‌ വിശദീകരണം തേടി. റോ–-റോ കടന്നുപോകാൻ വേഗം കുറച്ചപ്പോൾ ബോട്ടുകൾ തമ്മിൽ ഉരസിയെന്നാണ്‌ ഔദ്യോഗിക വിശദീകരണം. എന്നാൽ, അശ്രദ്ധമായി ബോട്ടുകൾ നിയന്ത്രിച്ചതാണ്‌ അപകടകാരണമെന്ന്‌ യാത്രക്കാർ ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്‌.

ബോട്ടുകൾ കൂട്ടിയിടിച്ചപ്പോൾ അലാറം മുഴങ്ങിയിരുന്നു. വലിയ ശബ്‌ദത്തിൽ തുടർച്ചയായി അലാറം മുഴങ്ങിയതാണ്‌ യാത്രികരെയും ജെട്ടിയിലുണ്ടായിരുന്നവരെയും കൂടുതൽ പരിഭ്രാന്തിയിലാക്കിയത്‌. ബോട്ടിലെ സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമായതിനാലാണ്‌ അലാറം മുഴങ്ങിയതെന്നാണ്‌ വിലയിരുത്തൽ. എന്നാൽ, അപകടസാധ്യത കണ്ട്‌ യാത്രികരിലാരെങ്കിലും അലാറം പ്രവർത്തിപ്പിച്ചതാണോ എന്നും പരിശോധിക്കുന്നു. ഒരിക്കൽ അലാറം പ്രവർത്തിച്ചാൽ  കൺട്രോൾ റൂമിൽനിന്നു മാത്രമെ നിർത്താനാകൂ.

സംഭവസമയം ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ലോഗർമാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. അലാറം മുഴങ്ങുമ്പോൾ ഇവർ ബോട്ടിന്റെ കൺട്രോൾ ക്യാബിനിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചു. ബോട്ട്‌ ജീവനക്കാരുടെ അടിയന്തര ഇടപെടലുകളെ അത്‌ തടസ്സപ്പെടുത്തി. അലാറം മുഴങ്ങിയാൽ കംപാർട്‌മെന്റുകളിൽ പരിശോധന നടത്തി യഥാർഥ കാരണം കണ്ടെത്തേണ്ടതുണ്ട്‌. ഈസമയം വ്ലോഗർമാർ നടത്തിയ ഇടപെടൽ അടിയന്തര നടപടികളെ തടസ്സപ്പെടുത്തിയതായി ജീവനക്കാർ മൊഴി നൽകിയിരുന്നു. വ്ലോഗർമാർ ബോട്ട്‌ ജെട്ടിയിൽ വച്ചുതന്നെ ചില്ലറ കുഴപ്പങ്ങൾ ഉണ്ടാക്കിയതായി സുരക്ഷാജീവനക്കാരും പരാതിപ്പെട്ടിരുന്നു. ബാരിക്കേഡുകൾ ചാടിക്കടന്നും ക്യൂ മറികടന്നുമാണ്‌ ഇവർ യാത്രാ ടിക്കറ്റെടുത്തത്‌.

അടിയന്തരഘട്ടങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന്‌ യാത്രികരെ ബോധവൽക്കരിക്കാനും ആലോചിക്കുന്നതായി സാജൻ കെ ജോൺ പറഞ്ഞു. നിലവിൽ സുരക്ഷാ ജാക്കറ്റ്‌ ധരിക്കേണ്ട നിർദേശങ്ങൾ മാത്രമാണ്‌ യാത്ര തുടങ്ങുമ്പോൾ നൽകിവരുന്നത്‌. ഞായറാഴ്ച ഫോർട്ട്‌ കൊച്ചി ജലമെട്രോ ജെട്ടിക്കുസമീപമാണ്‌ സംഭവം. എറണാകുളത്തുനിന്ന് യാത്രക്കാരുമായി വന്ന ബോട്ടും ഫോർട്ട്‌ കൊച്ചിയിൽനിന്ന് പുറപ്പെടുകയായിരുന്ന ബോട്ടുമാണ് കൂട്ടിമുട്ടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top