കൊച്ചി
കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങളിലെ അറ്റകുറ്റപ്പണി മികച്ച നിലയിൽ നിശ്ചിത സമയത്തിനും മുമ്പേ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. കാലാവസ്ഥ തടസ്സം സൃഷ്‌ടിച്ചെങ്കിലും പ്രഖ്യാപിച്ചതിലും 11 ദിവസംമുമ്പേ നവീകരണം പൂർത്തിയാക്കി സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ പൊതുമരാമത്ത് വിഭാഗത്തിനായി.
തിരക്കേറിയ പാലങ്ങളിലെ യാത്രാക്ലേശം അതിവേഗം പരിഹരിക്കാനായത് നഗര ഗതാഗതത്തിനും ആശ്വാസമായി. സംസ്ഥാന സ്‌കൂൾ കായികമേള ആരംഭിക്കുന്നതിനുമുമ്പുതന്നെ പാലങ്ങൾ തുറക്കാനായത് മേളയിൽ പങ്കെടുക്കാനെത്തിയ താരങ്ങൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സംഘാടകർക്കും വളരെ സഹായമായി. തിങ്കൾ പുലർച്ചെയാണ് കുണ്ടന്നൂർ–-തേവര പാലം തുറന്നത്. അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിൽ നേരത്തേതന്നെ ഗതാഗതം ആരംഭിച്ചിരുന്നു.
പാലങ്ങളിലൂടെയുള്ള യാത്രാദുരിതം മനസ്സിലാക്കിയാണ് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്തുവകുപ്പ് തീരുമാനിച്ചത്. എസ്‌എംഎ നിർമാണവിദ്യയിൽ അധിഷ്‌ഠിത അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു. 12.85 കോടി കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ചു. സംസ്ഥാന ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. വികെജെ ഇൻഫ്രാസ്‌ട്രക്‌ചറിനായിരുന്നു കരാർ. സർവീസ് റോഡുകളുടെ ടാറിങ് പൂർത്തിയാക്കി. പാലത്തിൽ പ്രവൃത്തി തുടങ്ങിയപ്പോൾ മഴ വില്ലനായി. മഴയിൽ രൂപപ്പെട്ട കുഴികൾ യഥാസമയം അടച്ച് താൽക്കാലികാശ്വാസമേകി. ഒക്ടോബർ മൂന്നിന് സിഫ്‌റ്റ് ജങ്‌ഷനിൽനിന്നുള്ള പ്രവൃത്തിയും തുടങ്ങി.
650 മീറ്റർ അലക്‌സാണ്ടർ പറമ്പിത്തറ പാലവും 1720 മീറ്റർ കുണ്ടന്നൂർ–-തേവര പാലത്തിന്റെയും നവീകരണം ഒക്ടോബർ 15ന് അറ്റകുറ്റപ്പണി തുടങ്ങി. നവംബർ 15ന് പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇരുപാലങ്ങൾ അടച്ചിട്ടായിരുന്നു പ്രവൃത്തി. പത്ത് ദിവസത്തിനകം അലക്‌സാണ്ടർ പറമ്പിത്തറ പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുനൽകി. ഒക്ടോബർ 31ന് കുണ്ടന്നൂർ–-തേവര പാലത്തിന്റെയും അറ്റകുറ്റപ്പണി തീർത്തു. പാലം അടച്ചപ്പോഴുണ്ടായ ഗതാഗതപ്രശ്‌നം മുതലെടുക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ശ്രമിച്ചെങ്കിലും നിരാശരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..