തൃശൂർ
കൊടകര കുഴൽപ്പണക്കടത്തുകേസിൽ പുതിയ വെളിപ്പെടുത്തൽ ഗുരുതരമെന്നും തുടരന്വേഷണം അനിവാര്യമാണെന്നും പൊലീസ് റിപ്പോർട്ട്. തുടരന്വേഷണത്തിന് അനുമതിതേടിയുള്ള അപേക്ഷ പൊലീസ് സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് കൈമാറി. ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും. ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത് കോടിരൂപ എത്തിയെന്ന് തിരൂർ സതീശ് മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തൽ ഗുരുതരമാണ്. കൊടകര കവർച്ചക്കേസിൽ സാക്ഷിയായ ഇയാൾ നേരത്തേ നൽകിയ മൊഴിക്ക് വിരുദ്ധമാണിത്. അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യമെന്നാണ് ഹർജി.
ഡിവൈഎസ്‌പി വി കെ രാജു തലവനായുള്ള തുടരന്വേഷക സംഘം സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണിക്കൃഷ്ണനുമായി ചർച്ച നടത്തിയിരുന്നു. നേരത്തേ ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നിലവിൽ തൃശൂർ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.സെഷൻസ് കോടതിയിലാണ് തുടരന്വേഷണ അപേക്ഷ സമർപ്പിക്കുക.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ എന്നിവർ കുഴൽപ്പണക്കടത്തുകാരൻ ധർമരാജനെ പരിചയപ്പെടുത്തിയതായി സതീശ് പുതുതായി വെളിപ്പെടുത്തിയിട്ടുണ്ട്. രാത്രി ഓഫീസ് അടയ്‌ക്കരുതെന്ന് ജില്ലാ നേതാക്കൾ നിർദേശിച്ചു. ജില്ലാ ട്രഷറർ സുജയസേനന്റെ നിർദേശപ്രകാരം ധർമരാജനും സംഘത്തിനും തൃശൂരിലെ ലോഡ്‌ജിൽ മുറിയെടുത്തുനൽകി. തെരഞ്ഞെടുപ്പ് സാമഗ്രിയെന്ന പേരിൽ ആറുചാക്കിലായെത്തിച്ച പണം വിതരണത്തിനായി കെട്ടുകളിലാക്കി വയ്‌ക്കുന്നത് കണ്ടിട്ടുണ്ടെന്നും സതീശ് വെളിപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..