തിരുവനന്തപുരം
മാലിന്യമുക്ത നവകേരളം, അതിദാരിദ്ര്യ നിർമാർജനം, സാന്ത്വനപരിചരണം എന്നിവ ഊർജിതപ്പെടുത്താൻ സംസ്ഥാനതലത്തിൽ വകുപ്പുകൾ ഏകോപിപ്പിച്ച് സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെയും തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
തദ്ദേശസ്ഥാപന ഭരണസമിതികൾ പ്രത്യേകമായി വിളിച്ച് ഇക്കാര്യം ചർച്ചചെയ്യും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ യോഗവും ചേരും. യോഗങ്ങളെ മുഖ്യമന്ത്രി അഭിസംബോധനചെയ്യും. എല്ലാ രാഷ്ട്രീയ പാർടികളെയും സഹകരിപ്പിച്ചാകും പ്രവർത്തനം. മാർച്ച് മുപ്പതോടെ സമ്പൂർണ ശുചിത്വ പ്രഖ്യാപനമാണ് ലക്ഷ്യം. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഹരിതമാകണം. ഇതിന് നിർവഹണ സമിതികൾ രൂപീകരിക്കാത്ത വാർഡുകളിൽ ഈ മാസംതന്നെ രൂപീകരിക്കണം.
അതിദരിദ്രരില്ലാത്ത കേരളം സൃഷ്‌ടിക്കാൻ ഓരോ വകുപ്പിനുമുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം. പുരോഗതി ജനകീയസമിതികൾ പ്രാദേശികമായി വിലയിരുത്തണം. സഹായ ഉപകരണങ്ങൾ ആവശ്യമെങ്കിൽ നൽകണം. ഇതിന് മാറ്റിവച്ച തുക തദ്ദേശസ്ഥാപനങ്ങൾ കൃത്യമായി ചെലവഴിക്കണം. സ്പോൺസർഷിപ്പുകൾവഴി വീട് നിർമിക്കണം. പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിക്കണം. തദ്ദേശസ്ഥാപനതലത്തിൽ ഇവരുടെ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്തണം. വിവേചനങ്ങളില്ലാത്ത പരിചരണം ഉറപ്പാക്കാൻ ഡൊമിസിലിയറി കെയർ പദ്ധതി വിപുലീകരിക്കും. വ്യക്തിഗത പരിചരണത്തിനുള്ള ആസൂത്രണം തദ്ദേശഭരണതലത്തിൽ ഉണ്ടാകണമെന്നും യോഗം നിർദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, ആർ ബിന്ദു, ഒ ആർ കേളു, മേയർമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..