തൃക്കാക്കര
തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിലെ അധികാരവടംവലിയുടെ തുടർച്ചയായി സ്ഥിരംസമിതി അധ്യക്ഷരായ സുനീറ ഫിറോസും ഉണ്ണി കാക്കനാടും രാജിവയ്ക്കും. ആരോഗ്യ സ്ഥിരംസമിതിയിൽനിന്ന് റാഷിദ് ഉള്ളംപള്ളിയും രാജിവയ്ക്കും.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി പാർടി യോഗത്തിലാണ് തീരുമാനം. ഉമ തോമസ് എംഎൽഎ, നഗരസഭാ അധ്യക്ഷ രാധാമണിപിള്ള, സ്ഥിരംസമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി എന്നിവർ പങ്കെടുത്തു.
അവസാന ഒരുവർഷം ക്ഷേമകാര്യ അധ്യക്ഷയാക്കാം എന്ന് പ്രാദേശിക നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ കൗൺസിലർ ഹസീന ഉമ്മർ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ എതിർത്ത്‌ഒരുവിഭാഗം ഐ ഗ്രൂപ്പ് നേതാക്കളും അനുകൂലിച്ച് മറുവിഭാഗവും രംഗത്തുവന്നതോടെ തർക്കം രൂക്ഷമായി. ഐ ഗ്രൂപ്പുകാരനായ ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളി ഹസീനയെ പിന്തുണച്ചതോടെ സുനീറ ഫിറോസിനെ മാറ്റി ഹസീനയെ അധ്യക്ഷയാക്കാൻ തീരുമാനിച്ചു.
യുഡിഎഫ് ഭരണസമിതിയെ പിന്തുണച്ചാൽ സ്വതന്ത്ര അംഗം ഷാജി പ്ലാശേരിയെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനാക്കാം എന്ന ധാരണ നടപ്പാക്കാനാണ് നിലവിലെ അധ്യക്ഷൻ ഉണ്ണി കാക്കനാട് ഒഴിയുന്നത്. രണ്ടു മാസംകൂടി നീട്ടി നൽകണമെന്ന് ഉണ്ണി ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വഴങ്ങിയില്ല. ആരോഗ്യം, ക്ഷേമകാര്യം സ്ഥിരംസമിതി അധ്യക്ഷർ 23ന് രാജിവയ്ക്കണമെന്ന് ഡിസിസി നേതൃത്വം നിർദേശം നൽകി.
നഗരസഭയുടെ മാലിന്യനീക്കത്തിൽ വ്യാജ ബില്ല് സമർപ്പിച്ചതായി കണ്ടെത്തിയ സംഭവത്തിലെ തുടർനടപടി ഭയന്നാണ് റാഷിദ് ഉള്ളംപള്ളി ആരോഗ്യ സ്ഥിരംസമിതിയിൽനിന്ന് രാജിവയ്‌ക്കുന്നത്. റാഷിദ് ധനകാര്യ സ്ഥിരംസമിതിയിലേക്ക് മത്സരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..