22 December Sunday

പുനരധിവാസം കേരള മോഡൽ ആകും: കെ രാജൻ

സ്വന്തം ലേഖകൻUpdated: Tuesday Aug 6, 2024

കൽപ്പറ്റ >  ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്‌ കേരള മോഡൽ പുനരധിവാസമാകും ഒരുക്കുകയെന്ന്‌ റവന്യു മന്ത്രി കെ രാജൻ. എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ്‌ ആണ്‌ ഒരുക്കുകയെന്ന്‌ മുഖ്യമന്ത്രി നേരത്തെ അറിയിച്ചിട്ടുണ്ട്‌. പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജ്‌ തയ്യാറാകുന്നതേയുള്ളുവെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫോണും സിമ്മും നൽകുന്നു 

കാണാതായവരെ കണ്ടെത്താൻ ശ്രമം തുടരും. ക്യാമ്പുകളിലും ആശുപത്രികളിലുമുള്ളവർക്ക്‌ മൊബൈൽ ഫോണും സിമ്മും ലഭിക്കുന്നതോടെ, കാണാതായവരിൽ ചിലരുടെയെങ്കിലും വിളി ഫോണിലേക്ക്‌ വരും എന്നാണ്‌ പ്രതീക്ഷ. പഴയ നമ്പർതന്നെ നൽകാനാണ്‌ ശ്രമം. സ്വകാര്യ നെറ്റുവർക്കുകളുടെ അധികൃതരുമായുൾപ്പെടെ സർക്കാർ ചർച്ച നടത്തി. വിവിധ കമ്പനികൾ വയനാട്ടിലെത്തിയിട്ടുണ്ട്‌. അവർ സർക്കാർ നടപടികളുമായി സഹകരിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. മിംസ്‌ ആശുപത്രിയിലുള്ളവർക്ക്‌ ഫോണും സിമ്മും നൽകി. വയനാട്ടിലെ ക്യാമ്പിലുള്ളവർക്ക്‌ വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ ചൊവ്വാഴ്‌ച ഫോണും സിമ്മും നൽകും. 

കാണാതായവരെ 
കണ്ടെത്താൻ 

എസ്‌റ്റേറ്റുകളിലെ മസ്‌റ്ററോൾ പരിശോധിച്ചാൽ തൊഴിലാളികളുടെ കൃത്യമായ വിവരം കിട്ടും. അതല്ലാത്തവർ ഉണ്ടോ എന്നതും നോക്കുന്നുണ്ട്‌. ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നവരുടെ എണ്ണം പരിശോധിക്കുന്നു. അതിഥിത്തൊഴിലാളികളുടെ എണ്ണം ഏജന്റുമാരിൽനിന്ന്‌ ശേഖരിക്കുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്നവർക്ക്‌ കൗൺസലിങ്‌ നൽകുന്നുണ്ട്‌. ഇതിനകം 2391 പേരെ കൗൺസലിങ്ങിന്‌ വിധേയരാക്കി. 

പരാതിയില്ലാതെ
 ഭക്ഷണവിതരണം
 

ഭക്ഷണവിതരണത്തിൽ പരാതികളൊന്നുമുണ്ടായിട്ടില്ല. എല്ലാവർക്കും ഭക്ഷണമെത്തിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസവും ഭക്ഷണമെത്തിയില്ല എന്ന്‌ ചിലർ വാർത്ത നൽകിയിരുന്നു. ഭക്ഷണം ബാക്കിയായി. ബെയ്‌ലി പാലത്തിന്‌ ഇപ്പുറം സന്നദ്ധപ്രവർത്തകർക്ക്‌ ഭക്ഷണം വിതരണംചെയ്യുന്നതിൽ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. 

മരണം 346

തിങ്കളാഴ്‌ച ആറ്‌ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണസംഖ്യ 346 ആയി. ആറിൽ അഞ്ചെണ്ണം വയനാടിന്റെ ഭാഗത്തുനിന്നും ഒന്ന്‌ നിലമ്പൂരിൽനിന്നുമാണ്‌ ലഭിച്ചത്‌. 226 മൃതദേഹം കണ്ടെത്തിയതായാണ്‌ ഔദ്യോഗിക കണക്ക്‌. 181 മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. 176 മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറി. കോഴിക്കോട്‌, വയനാട്‌, മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി 582 പേർ ചികിത്സയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top