25 November Monday

ഓണം കളറാകും ; നഗരത്തിൽ പൂക്കടകൾ ഒരുങ്ങി

സ്വന്തം ലേഖികUpdated: Friday Sep 6, 2024


കൊച്ചി
നിറപ്പകിട്ടാർന്ന ഓണം ആഘോഷിക്കാൻ തമിഴ്‌നാട്ടിൽനിന്ന്‌ പൂക്കളെത്തി. വ്യാഴാഴ്‌ചമുതൽ നഗരത്തിലും പരിസരങ്ങളിലും പൂ വിൽപ്പനയ്‌ക്കായി സ്റ്റാളുകൾ ഒരുങ്ങി. എറണാകുളം നോർത്ത്‌ പാലത്തിനുസമീപവും പരമാര റോഡിലും പാലാരിവട്ടത്തുമാണ്‌ വിവിധയിനം പൂക്കളുമായി സ്റ്റാളുകൾ ഒരുങ്ങുന്നത്‌. പാലാരിവട്ടം മേൽപ്പാലത്തിനുസമീപം മെട്രോയ്‌ക്കായി ഏറ്റെടുത്ത സ്ഥലത്തും താൽക്കാലിക സ്റ്റാളുകൾ ഒരുങ്ങിയിട്ടുണ്ട്‌.

ഓറഞ്ച്‌, മഞ്ഞ നിറത്തിലെ ചെണ്ടുമല്ലിതന്നെയാണ്‌ താരം. വയലറ്റ്‌ നിറത്തിൽ വാടാമല്ലിയും വെള്ളയും മഞ്ഞയും നിറങ്ങളിൽ ജമന്തിയും വിവിധ വർണങ്ങളിലെ റോസാപ്പൂവും എത്തിയിട്ടുണ്ട്‌. ഇത്തവണ അരളിപ്പൂ അധികം വന്നിട്ടില്ല. അരളിപ്പൂവിലെ വിഷാംശം ഉള്ളിൽച്ചെന്ന്‌ മരണങ്ങൾ ഉണ്ടായതിനാൽ പിങ്ക്, ചുവപ്പ്, ഇളംമഞ്ഞ, വെള്ള തുടങ്ങി പൂക്കളത്തിലെ നിറസാന്നിധ്യമായ അരളിപ്പൂവിന് ആവശ്യക്കാർ കുറവാണ്‌. ബംഗളൂരു, ഗുണ്ടൽപേട്ട്‌, ദിണ്ഡിഗൽ എന്നിവിടങ്ങളിൽനിന്നാണ്‌ പൂക്കൾ എത്തിച്ചിരിക്കുന്നത്‌.

പൂക്കളുടെ വിലയിൽ ദിവസവും മാറ്റമുണ്ടാകുമെന്ന്‌ എറണാകുളം നോർത്തിലെ ഓർക്കിഡ്‌ ഫ്ലവർ ബസാർ നടത്തിപ്പുകാരൻ സുന്ദർരാജ്‌ പറഞ്ഞു. കഴിഞ്ഞവർഷത്തേതിനേക്കാൾ ഈ വർഷം വില കുറവാണ്‌. വെള്ള ജമന്തിക്കാണ്‌ വില കൂടുതൽ. കിലോയ്‌ക്ക്‌ 400 മുതൽ 600 രൂപവരെയാണ്‌ ഇവയുടെ വില. വയലറ്റ്‌ ആസ്‌ട്രയ്‌ക്ക്‌ 350 മുതൽ 400 വരെയും റോസിന്‌ 400ഉം വാടാമല്ലിക്ക്‌ 250ഉം ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിക്ക്‌ 100 മുതൽ 150 വരെയുമാണ്‌ കിലോയ്‌ക്ക്‌ വില. അരളിപ്പൂ കിലോ 300 രൂപയാണ്‌. താമരമൊട്ട്‌ ഒരെണ്ണം 30 രൂപ. എല്ലാ പൂക്കളും അടങ്ങിയ കിറ്റ്‌ 100 രൂപമുതൽ ലഭിക്കും. തിരുവോണദിവസംവരെ സ്റ്റാളുകൾ പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top