16 September Monday
പൂർത്തീകരണത്തിന്‌ 236 ദിവസം ബാക്കി

മഴ ഒഴിഞ്ഞു ; എൻഎച്ച്‌ 66 നിർമാണം പുനരാരംഭിച്ചു

സ്വന്തം ലേഖകൻUpdated: Friday Sep 6, 2024

ദേശീയപാത 66ൽ നിർമാണം പുരോഗമിക്കുന്ന പെരുമ്പടന്നയിലെ അടിപ്പാത


കൊച്ചി
മഴമൂലം രണ്ടുമാസമായി നിർത്തിവച്ചിരുന്ന ദേശീയപാത 66 മൂത്തകുന്നം–-ഇടപ്പള്ളി ഭാഗത്തെ നിർമാണം പുനരാരംഭിച്ചു. കരിങ്കല്ല്‌, മണ്ണ്‌ എന്നിവ ആവശ്യത്തിന്‌ ലഭിച്ചുതുടങ്ങിയിട്ടില്ലെങ്കിലും എല്ലാ ഭാഗത്തെയും നിർമാണം പുനരാരംഭിച്ചതായി കരാർ കമ്പനിയായ ഓറിയന്റൽ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ അറിയിച്ചു. രണ്ടോ മൂന്നോ മാസത്തിനകം സർവീസ്‌ റോഡും കാനയും പൂർത്തിയാക്കി ആറുവരി ദേശീയപാതയുടെ നിർമാണം ഊർജിതമാക്കാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്‌. ഉയരം കൂട്ടി നിർമിക്കാൻ തീരുമാനിച്ച പറവൂർ, ചെറിയപ്പിള്ളി പാലങ്ങളുടെ പുതുക്കിയ രൂപരേഖ തയ്യാറാക്കിവരുന്നു. കല്ലും മണ്ണും ആവശ്യത്തിന്‌ ലഭ്യമാക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്‌. 

മൂത്തകുന്നം–-ഇടപ്പള്ളി ഭാഗത്തെ 26 കിലോമീറ്ററിൽ 2022 ഒക്‌ടോബറിലാണ്‌ ദേശീയപാത നിർമാണം തുടങ്ങിയത്‌. കരാർപ്രകാരം 910 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം. 236 ദിവസംകൂടിയാണ്‌  ശേഷിക്കുന്നത്‌. 2025 ഏപ്രിലിൽ പൂർത്തിയാക്കേണ്ട പാതയുടെ നിർമാണം ആസൂത്രണം ചെയ്‌തതുപോലെ മുന്നോട്ടുപോയിട്ടില്ല. കരിങ്കല്ലും മണ്ണും ലഭിക്കുന്നതിലെ തടസ്സമാണ്‌ കാരണം.

സുപ്രീംകോടതി ഉത്തരവിലൂടെ കരിങ്കല്ല്‌ ലഭ്യതയ്‌ക്കുണ്ടായ സാങ്കേതികതടസ്സം നീങ്ങിയിട്ടുണ്ട്‌. എന്നാൽ, കേരളത്തിൽത്തന്നെയുള്ള ക്വാറികളിൽനിന്ന്‌ കല്ല്‌ എത്തിക്കുന്നതിന്‌ അന്തിമ അനുമതിയായിട്ടില്ല. തമിഴ്‌നാട്ടിൽനിന്നുള്ള കല്ലുവരവും നിലച്ചമട്ടാണ്‌. കേരളത്തിലേക്ക്‌ കല്ല്‌ കൊണ്ടുവരുന്നതിൽ തമിഴ്‌നാട്‌ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ്‌ കാരണം. ചാലക്കുടിയിലെ സർക്കാർ ക്വാറിയിൽനിന്ന്‌ കല്ലെടുക്കാനുള്ള അനുമതി എത്രയുംവേഗം ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നു.

നിർമാണതടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമായി പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത്‌ കരാറുകാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേരുന്നുണ്ട്‌. മഴ കുറഞ്ഞതോടെ മണ്ണ്‌ ആവശ്യത്തിന്‌ കൊണ്ടുവരാനാകുമെന്നാണ്‌ കരാർ കമ്പനി കരുതുന്നത്‌. റോഡുകളും പാലങ്ങളും അടിപ്പാതയും കാനയും ഉൾപ്പെടെയുള്ള നിർമാണത്തിന്റെ 46 ശതമാനം ഇതുവരെ  പൂർത്തിയായി. മൺസൂണിനുമുമ്പ്‌ 50 ശതമാനം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. സർവീസ്‌ റോഡുകളുടെ 20 ശതമാനവും പാലങ്ങളുടെ 78 ശതമാനവും കാനകളുടെ 80 ശതമാനവും നിർമാണം കഴിഞ്ഞു. മുഴുവൻ പാലങ്ങളുടെയും നിർമാണം മാർച്ചോടെ പൂർത്തിയാകുമെന്നാണ്‌ കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top