തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്താൻ സംസ്ഥാനത്ത് കയറ്റുമതി നയത്തിന് രൂപം നൽകുമെന്ന് വ്യവസായമന്ത്രി പി രാജീവ്. തുറമുഖ അധിഷ്‌ഠിത വ്യവസായങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. വ്യവസായത്തിനാവശ്യമായ ഭൂമിലഭ്യത ഉറപ്പുവരുത്താൻ ലാൻഡ് പൂളിങ് സംവിധാനം നടപ്പാക്കും. സ്വകാര്യഭൂമി ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് തിരികെ നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്–- കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയത്, ഒരുമിച്ചുനീങ്ങിയാൽ അസാധ്യമായതൊന്നുമില്ല എന്നതിന്റെ തെളിവാണ്. 2020ലെ 28–-ാം സ്ഥാനത്തുനിന്നാണ് കേരളം ഒന്നാം റാങ്കിലേക്ക് മുന്നേറിയത്. 2022ൽ ആദ്യ പത്ത് റാങ്കിൽ ഉൾപ്പെടുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാംറാങ്കിലേക്ക് എത്താനായി. എല്ലാ വകുപ്പുകളും ചേർന്ന് നന്നായി മുന്നോട്ടുപോയതിന്റെ ഫലമാണിത്. ഈ നേട്ടം പ്രയോജനപ്പെടുത്തി പരമാവധി നിക്ഷേപം ആകർഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും ശ്രമിക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും റോഡ്‌ഷോ അടക്കം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിക്ഷേപ സംഗമം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..