06 October Sunday
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ പെരിയാർ അരൂക്കറ്റി ജയിലിൽ കഴിഞ്ഞതിന്റെ ഓർമയ്‌ക്കായാണ്‌ തമിഴ്‌നാട്‌ സർക്കാർ സ്‌മാരകം നിർമിക്കുന്നത്‌

55.5 സെന്റ്‌ ഭൂമി കേരളം തമിഴ്‌നാടിന്‌ കൈമാറി; അരൂക്കുറ്റിയിൽ പെരിയാർ സ്‌മാരകം ജയിൽമാതൃകയിൽ

ടി പി സുന്ദരേശൻUpdated: Sunday Oct 6, 2024

ചേർത്തല > അയിത്തം അവസാനിപ്പിച്ച്‌ അധഃസ്ഥിത–-പിന്നാക്ക ജനതയ്‌ക്ക്‌ ആരാധനാസ്വാതന്ത്ര്യം ലഭിക്കുന്നതിൽ നിർണായകമായ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ജയിലിലായ തമിഴ്‌ പോരാളി പെരിയാറിന്‌ ചേർത്തല താലൂക്കിലെ അരൂക്കുറ്റിയിൽ സ്‌മാരകം വരുന്നു. കേരളം വിട്ടുനൽകിയ ഭൂമിയിലാണ്‌ തമിഴ്‌നാട്‌ സർക്കാർ സ്‌മാരകം നിർമിക്കുക. പ്രാരംഭ നടപടിയുടെ ഭാഗമായി തമിഴ്‌നാട്‌ മന്ത്രിമാരുടെ നേതൃത്വത്തിലെ സംഘം അടുത്തിടെ അരൂക്കുറ്റി സന്ദർശിച്ചു.

തമിഴ്‌നാട്‌ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ്‌ സംസ്ഥാന മന്ത്രിസഭായോഗം അരൂക്കുറ്റിയിലെ 55.5 സെന്റ്‌ റവന്യു പുറമ്പോക്ക്‌ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചത്‌. അരൂക്കുറ്റിയിൽ കായൽത്തീരത്ത്‌ സ്‌മാരകം ഉയരുന്ന ഭൂമിയുടെ സർവേ റവന്യുവകുപ്പ്‌ പൂർത്തിയാക്കി തമിഴ്‌നാടിന്‌ ഉടമസ്ഥാവകാശം കൈമാറി. കരം ഒഴിവോടെയാണ്‌ ഭൂമി കൈമാറ്റം. പിന്നാലെയാണ്‌ തമിഴ്‌നാട്‌ മന്ത്രിമാരായ ഇ വി വേലുവിന്റെയും എം പി സാമിനാഥന്റെയും നേതൃത്വത്തിലെ സംഘം സ്ഥലം സന്ദർശിച്ചത്‌.

സാമൂഹ്യപരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ നായകരിൽ ഒരാളുമായ പെരിയാർ ഇ വി രാമസ്വാമി അരൂക്കുറ്റി ജയിലിൽ ഒരുമാസമാണ്‌ കഴിഞ്ഞത്‌. രാജഭരണകാലത്ത്‌ അരൂക്കുറ്റിയിലായിരുന്നു ജയിൽ. 1924 മെയ്‌ 21നാണ്‌ പെരിയാർ അറസ്‌റ്റിലായി ജയിലിൽ എത്തിയത്‌. അന്നത്തെ ജയിൽകെട്ടിട അവശിഷ്ടം ചരിത്രസാക്ഷ്യമായി ഇപ്പോഴും അരൂക്കുറ്റിയിലുണ്ട്‌. ആരോഗ്യവകുപ്പ്‌ അധീനതയിലായിരുന്നു സ്ഥലം.

ജയിൽമാതൃകയിലാണ്‌ തമിഴ്‌നാട്‌ ഇവിടെ പെരിയാർ സ്‌മാരകം നിർമിക്കുക. ഭൂമിയുടെ കൈവശാവകാശ സർടിഫിക്കറ്റ്‌ വാങ്ങി തുടർനടപടികളിലേക്ക്‌ തമിഴ്‌നാട്‌ നീങ്ങും. തമിഴ്‌നാട്‌ അധികൃതർ സമീപിച്ചാലുടൻ കൈവശാവകാശ സർടിഫിക്കറ്റിന്‌ നടപടി സ്വീകരിക്കുമെന്ന്‌ അരൂക്കുറ്റി വില്ലേജ്‌ ഓഫീസർ പറഞ്ഞു.

തീരപരിപാലന നിയമം ബാധകമായതിനാൽ പഴയ ജയിലിന്റെ സ്ഥാനത്ത്‌ നിർമാണം സാധിക്കാത്തതിനാൽ അൽപ്പം മാറിയാകും സ്‌മാരകം ഉയരുക. കേരള സാമൂഹ്യപരിഷ്‌കരണ ചരിത്രത്തിൽ തിളങ്ങുന്ന സത്യഗ്രഹ സ്‌മാരകംകൂടിയാകും വൈക്കത്തിന്‌ പുറത്ത്‌ ഇതോടെ ഉയരുക. ചരിത്രാന്വേഷികൾക്ക്‌ പെരിയാറുമായും വൈക്കം സത്യഗ്രഹവുമായും ബന്ധപ്പെട്ട പഠനത്തിനിടമാകും നിർദിഷ്ട സ്‌മാരകം.

Caption : പെരിയാർ സ്‌മാരക നിർമാണത്തിന്‌ തമിഴ്‌നാട്‌ സർക്കാരിന്‌ കേരളം വിട്ടുനൽകിയ അരൂക്കുറ്റിയിലെ ഭൂമി
Highlights : വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത്‌ പെരിയാർ അരൂക്കറ്റി ജയിലിൽ കഴിഞ്ഞതിന്റെ ഓർമയ്‌ക്കായാണ്‌ തമിഴ്‌നാട്‌ സർക്കാർ സ്‌മാരകം നിർമിക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top