കൊച്ചി/മലപ്പുറം
മഹാത്മഗാന്ധി, കലിക്കറ്റ് സർവകലാശാലകളിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുമുന്നേ വിജയക്കൊടി പാറിച്ച് എസ്‌എഫ്‌ഐ. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എംജി സർവകലാശാലയ്‌ക്കുകീഴിലെ 62 കോളേജുകളിലും കലിക്കറ്റ് സർവകലാശാലയിലെ 29 കോളേജിലുമാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്.
എം ജിയിൽ എറണാകുളത്ത് ആകെയുള്ള 44 കോളേജുകളിൽ 22ലും കോട്ടയത്ത് 38 കോളേജുകളിൽ 17ലും എസ്‌എഫ്‌ഐക്ക് എതിരില്ല. പത്തനംതിട്ടയിൽ 12 കോളേജുകളിലും ഇടുക്കിയിൽ 11 കോളേജുകളിലും എസ്‌എഫ്‌ഐ വിജയം നേടി. 17നാണ് തെരഞ്ഞെടുപ്പ്. എറണാകുളത്ത് ഇടക്കൊച്ചി അക്വിനാസ്, മൂവാറ്റുപുഴ സെന്റ് ജോർജ്, തൃപ്പൂണിത്തുറ ആർഎൽവി, എംഇഎസ് കോതമംഗലം, കോട്ടയത്ത് നാട്ടകം ഗവ. കോളേജ്, മണർകാട് സെന്റ് മേരീസ്, പുതുപ്പള്ളി എംഇഎസ്, പത്തനംതിട്ടയിൽ മാർത്തോമ തിരുവല്ല, ബിഎഎം മല്ലപ്പള്ളി, ഐഎച്ച്ആർഡി അയിരൂർ, ഇടുക്കിയിൽ രാജകുമാരി എൻഎസ്എസ്, മൂന്നാർ ഗവ. കോളേജ്, തൊടുപുഴ ന്യൂമാൻ തുടങ്ങിയ കോളേജുകളിൽ എസ്‌എഫ്‌ഐ വിജയം ഉറപ്പിച്ചു.
കലിക്കറ്റ് സർവകലാശാലയിൽ തൃശൂരിൽ എട്ടും കോഴിക്കോട് ആറും മലപ്പുറത്തും പാലക്കാടും വയനാടും അഞ്ചുവീതവും കോളേജുകളിലാണ് എസ്‌എഫ്‌ഐ വിജയിച്ചത്. കഴിഞ്ഞവർഷം കെഎസ്‌യു–-എംഎസ്‌എഫ് സഖ്യം യൂണിയൻ നേടിയ വയനാട് ലക്കിടി ഓറിയന്റൽ കോളേജ് എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. ലക്കിടി ഓറിയന്റൽ ക്യുലിനറി കോളേജ്, പുൽപ്പള്ളി എസ്എൻ കോളേജ്, പൂമല എംഎസ്‌ഡബ്ല്യു സെന്റർ, പുൽപ്പള്ളി സി കെ രാഘവൻ ബിഎഡ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ വടകര കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജ്, ചലിക്കര യൂണിവേഴ്സിറ്റി സബ് സെന്റർ, കുറ്റ്യാടി സഹകരണ കോളേജ്, നാദാപുരം ഐഎച്ച്ആർഡി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ യൂണിയൻ നഷ്ടപ്പെട്ട മഞ്ചേരി എൻഎസ്എസിൽ 47-ൽ 41 സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. വളാഞ്ചേരി പ്രവാസി കോളേജിൽ വീണ്ടും എസ്എഫ്ഐ യൂണിയൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എടക്കര ഫാത്തിമ കോളേജിൽ 11 വർഷത്തിനുശേഷം ആദ്യമായി എസ്‌എഫ്‌ഐ എതിരില്ലാതെ 59ൽ 35 സീറ്റിലും വിജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..