കൊച്ചി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവില്ലെന്നും പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. കേസിൽ സിബിഐയുടെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുമെന്നും ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു.
എല്ലാ മികച്ച രീതികളും ഉപയോഗിച്ച് പഴുതുകൾ ഒഴിവാക്കിയാണ് പൊലീസ് ഈ കേസ് അന്വേഷിക്കുന്നതെന്ന് സർക്കാർ ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രത്യേക അന്വേഷകസംഘം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അന്വേഷണത്തിലെ ഒരു പോരായ്‌മയും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. കൊലപാതകം സംശയിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ല. പോസ്‌റ്റുമോർട്ടം കണ്ടെത്തലുകൾ തൂങ്ങിമരണവുമായി പൊരുത്തപ്പെടുന്നതാണ്. മൃതദേഹം നാലുമണിക്കൂറിനുള്ളിൽ ഇൻക്വസ്‌റ്റ് പൂർത്തിയാക്കണം എന്നാണുള്ളത്. ഇൻക്വസ്‌റ്റിന് ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നില്ല.
പത്തനംതിട്ടയിൽനിന്ന് കണ്ണൂരിൽ എത്താൻ 12 മണിക്കൂർ വേണ്ടതിനാൽ ബന്ധുക്കളുടെ അഭിപ്രായപ്രകാരം കണ്ണൂർ കലക്ടറേറ്റ് ഇൻസ്‌പെക്ടറാണ് ഇൻക്വസ്‌റ്റിന് ആവശ്യപ്പെട്ടത്. സയന്റിഫിക് അസിസ്‌റ്റന്റ്, ജില്ലാ വിരലടയാള വിദഗ്ധൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്‌റ്റ്. പെട്രോൾ പമ്പിന് പ്രശാന്ത് സമർപ്പിച്ച അപേക്ഷയും ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഹർജി 12ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിട്ടാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..