ചൂരൽമല > ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ചയോടെ പൂർണമാകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. ലോക്കൽ ഡാറ്റ കളക്ഷൻ ഫോർ സെർച്ച് ആക്ടിവിറ്റിയും ഫോഴ്സിൽ നേരത്തെ പരിശോധന നടത്തിയ അംഗങ്ങളും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് സമഗ്രമായ അന്വേഷണത്തിലാണ്. ഇന്ന് നടന്ന തിരച്ചിലിൽ ഒരു മൃതദേഹവും ശരീരഭാഗങ്ങളും ലഭിച്ചു. നിലവിൽ 16 ദുരിതാശ്വാസ ക്യാമ്പുകളിലായി 2199 പേരോളം താമസിക്കുന്നു. ക്യാമ്പിൽ എല്ലാവർക്കും ദിവസവും കൗൺസിലിംഗ് നടക്കുന്നുണ്ട്. ആരോഗ്യ മന്ത്രി മികച്ച മാനസീകാരോഗ്യ വിദഗ്ധരെ എത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
ഏറെ ആശങ്കകളോടെയാണ് ക്യാമ്പിലുള്ളവർ മുന്നോട്ട് പോകുന്നത് അതിനാൽ തന്നെ ഈ ഘട്ടത്തിൽ സ്വകാര്യ പണപിരിവ് നടത്തരുത്. ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്കെല്ലാം സമഗ്രമായ പുനരധിവാസം സാധ്യമാക്കും. നഷ്ടമായ രേഖകളെല്ലാം പ്രയാസമില്ലാതെ ലഭ്യമാക്കും. എല്ലാ രേഖകളും കാലതാമസമില്ലാതെ ഒരു കേന്ദ്രത്തിൽ എത്തിക്കും. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പിഡബ്ല്യു ജീവനക്കാരുടെ യോഗത്തിൽ സമയബന്ധിതമായി പുനർനിർമാണം പൂർത്തീകരിക്കുമെന്ന ധാരണയായി.
കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ കേൾക്കുന്നതിനും നാലു മന്ത്രിമാരും വയനാട് ജില്ലാകളക്ടറും സ്പെഷ്യൽ ഓഫീസർമാരും 16 ക്യാമ്പുകളിലും നേരിട്ടെത്തിയെന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..