തിരുവനന്തപുരം
ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ജോലിക്കിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് നിർമിക്കാൻ മാരായമുട്ടത്തുതന്നെ സ്ഥലം കണ്ടെത്തും. ഇതിനായി അഞ്ചുലക്ഷംരൂപ ചെലവഴിക്കാൻ ജില്ലാ പഞ്ചായത്തിന് സർക്കാർ അനുമതി നൽകി. നിലവിൽ താമസിക്കുന്നതിനടുത്ത് വീട് വേണമെന്നാണ് ജോയിയുടെ അമ്മ ആഗ്രഹം പ്രകടിപ്പിച്ചത്.
പരമാവധി അഞ്ചുസെന്റ് ഭൂമിവാങ്ങാൻ രണ്ടരലക്ഷംരൂപ ചെലവാക്കാനാണ് നേരത്തെ സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ സ്ഥലം വാങ്ങാൻ ഈ തുക അപര്യാപ്‌തമാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് തദ്ദേശവകുപ്പിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് തുക വർധിപ്പിച്ച് നിർദേശം നൽകിയത്. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, വാർഡംഗം എന്നിവരടങ്ങുന്ന സമിതി തിങ്കളാഴ്ച രൂപീകരിക്കും. ജോയിയുടെ അമ്മ തെരഞ്ഞെടുക്കുന്ന സ്ഥലമാകും വാങ്ങുക. ഈ വസ്തുവിൽ വീട് നിർമിച്ചുനൽകാൻ കോർപറേഷൻ പത്ത് ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്. കൂടുതൽ തുക വേണ്ടിവന്നാൽ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ജൂലൈ 13 നാണ് റെയിൽവേ നൽകിയ കരാർ ജോലിയുടെ ഭാഗമായുള്ള ശുചീകരണത്തിനിടെ ജോയി ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..