26 December Thursday

സ്വർണക്കടത്തിന്‌ ചെറുപ്പക്കാരെ 
റിക്രൂട്ട്‌ ചെയ്യാൻ ലീഗ്‌ നേതാക്കളും

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


കോഴിക്കോട്‌
ചെറുപ്പക്കാർക്ക്‌ വിദേശത്ത്‌ ജോലിയും താമസവും വാഗ്‌ദാനം ചെയ്‌ത്‌ സ്വർണക്കടത്ത്‌ പ്രോത്സാഹിപ്പിക്കുന്നത്‌ ലീഗ്‌ എംഎൽഎ എം കെ മുനീറും പ്രാദേശിക ലീഗ്‌ നേതാക്കളുമെന്ന്‌ ആക്ഷേപം. കൊടുവള്ളി മണ്ഡലത്തിലെ തൊഴിലന്വേഷകർക്ക്‌ ദുബായിൽ സൗജന്യതാമസവും ജോലി കണ്ടെത്തുന്നതിന്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്ന ‘അമാന എംബ്രേയ്‌സ്‌’ പദ്ധതിയുടെ മറവിൽ സ്വർണക്കള്ളക്കടത്തുകാരെ വളർത്തിയെടുക്കുന്നുവെന്നാണ്‌ ആരോപണം. സ്വർണക്കടത്ത്‌ കേസിലെ പ്രതിയായ അബുലൈസിനുവേണ്ടിയാണ്‌ പദ്ധതി ആവിഷ്‌കരിച്ച്‌ എംഎൽഎ തന്നെ കരിയർമാരെ നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നുവെന്നാണ്‌ പരാതി.

സ്വർണക്കടത്ത്‌ നേതൃത്വത്തിന്റെ അറിവോടെയാണെന്ന്‌ ആക്ഷേപമുയർന്നതോടെ വെട്ടിലായത്‌ ലീഗ്‌ നേതൃത്വമാണ്‌. ഇത്തരം പ്രവർത്തനങ്ങൾക്ക്‌ കൂട്ടുനിൽക്കുന്ന എംഎൽഎക്കും പ്രാദേശിക നേതാക്കൾക്കുമെതിരെ നടപടിയെടുക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്‌. മണ്ഡലത്തിൽനിന്ന്‌ തൊഴിൽതേടി വിദേശത്ത്‌ എത്തുന്നവർക്ക്‌ രണ്ടുമാസത്തെ താമസം സൗജന്യമായി അമാന ഗ്രൂപ്പ്‌ ഒരുക്കി കൊടുക്കുമെന്നായിരുന്നു എം കെ മുനീർ വ്യക്തമാക്കിയത്‌. ഇതിനുള്ള അപേക്ഷയും എംഎൽഎ ഓഫീസിൽനിന്ന്‌ ലഭിക്കും. എം കെ മുനീർ ചെയർമാനും ഇക്‌ബാൽ അമാന ജനറൽ കൺവീനറും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 11 പേരുമുള്ള സമിതിയാണ്‌ പദ്ധതിക്ക്‌ പിന്നിൽ. ഇതിൽ യൂത്ത്‌ ലീഗ്‌ നേതാവും സംസ്ഥാനത്തെ പ്രമുഖ സ്വർണക്കള്ളക്കടത്തിലെ മുഖ്യകണ്ണിയുമായ അബുലൈസും കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ നോട്ടീസ്‌ നൽകിയ ഒ കെ സലാമും ഉൾപ്പെട്ടതോടെയാണ്‌ ആരോപണം ശക്തമായത്‌.

അബുലൈസ്‌
 സ്വർണക്കടത്തിലെ 
മുഖ്യകണ്ണി
കരിപ്പൂർ വിമാനത്താവളത്തിൽ 2013ൽ സ്വർണക്കടത്ത്‌ കേസിൽ എയർഹോസ്‌റ്റസ്‌ പിടിയിലായ സംഭവത്തിൽ മുഖ്യകണ്ണി അബുലൈസാണെന്ന്‌ കസ്റ്റംസ്‌  വ്യക്തമാക്കിയിരുന്നു. ഒളിവിൽപോയ അബുലൈസ്‌ 2017ലാണ്‌ അറസ്‌റ്റിലായത്‌. തുടർന്ന്‌  കോഫെപോസ പ്രകാരം ജയിലിലുമായി. കേരളത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിൽ മുഖ്യപങ്കാളിയാണ്‌ ഇയാൾ.  2021 ജൂൺ 21ന്‌ രാമനാട്ടുകരയിൽ ചരക്കുലോറി ജീപ്പിലിടിച്ച്‌ അഞ്ചുപേർ മരിച്ചത്‌ അമാന ഗ്രൂപ്പിനായി സ്വർണം കടത്തുന്നതുമായി ബന്ധപ്പെട്ടാണെന്ന്‌ സംഘാംഗങ്ങളിലൊരാൾ മുമ്പ്‌ വെളിപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top